എസ്.വൈ.എസ് സംസ്ഥാന ട്രഷറർ ഹാജി കെ.മമ്മത് ഫൈസി നിര്യാതനായി

പ്രമുഖ പണ്ഡിതനും എസ്.വൈ.എസ് സംസ്ഥാന ട്രഷററുമായ ഹാജി കെ.മമ്മത് ഫൈസി തിരൂര്‍ക്കാട് (68) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഫൈസി ഇന്നു പുലര്‍ച്ചെ നാലിനാണ് മരണപ്പെട്ടത്.

 തിരൂര്‍ക്കാട് കുന്നത്ത് പരേതനായ മൂസ ഹാജിയുടെ മകനാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ മൂത്ത സഹോദരനാണ്. ഖബറടക്കം വൈകുന്നേരം അഞ്ചിന് തിരൂര്‍ക്കാട് ജുമാമസ്ജിദില്‍.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, പട്ടിക്കാട് ജാമിഅ: നൂരിയ്യ സെക്രട്ടറി, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍, സുന്നീ അഫ്കാര്‍ വാരിക എക്‌സിക്യുട്ടീവ് ഡയറക്ടര്‍, പട്ടിക്കാട് എം.ഇ.എ. എഞ്ചിനീയറിങ് കോളജ് വൈസ് ചെയര്‍മാന്‍, കേരളാ പ്രവാസി ലീഗ് ചെയര്‍മാന്‍, സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന ചെയര്‍മാന്‍, സമസ്ത മലപ്പുറം ജില്ലാ ജോ. സെക്രട്ടറി തുടങ്ങി വിവിധ പദവികള്‍ വഹിച്ചിരുന്നു. തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാം ഇസ്‌ലാമിക് കോംപ്ലക്‌സ് ഉള്‍പ്പെടെ നിരവധി വിദ്യാഭാസ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിയും സംഘാടകനുമാണ്.

പട്ടിക്കാട് ജാമിഅ: നൂരിയ്യയില്‍ നിന്നും ഫൈസി ബിരുദം നേടിയ മമ്മത് ഫൈസി ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങി സമുന്നത ഇസ്‌ലാമിക പണ്ഡിതരുടെ ശിഷ്യത്വം നേടി. സഹോദരനും സമസ്ത ജനറല്‍ സെക്രട്ടറിയുമായ കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉള്‍പ്പെടെ പ്രമുഖ പണ്ഡിതരുടെ ദര്‍സുകളില്‍ മതപഠനം നടത്തി.

Tags:    
News Summary - sys state treasure died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.