തിരുവനന്തപുരം: സി.പി.എമ്മിെൻറ പ്രത്യയശാസ്ത്ര നിലപാടുകളില്‍നിന്ന് വ്യതിചലിച്ച് ബഹുരാഷ്ട്ര കമ്പനികളുമായി ചേര്‍ന്ന് കേരളത്തിലെ ഇടതുസര്‍ക്കാര്‍ നടത്തുന്ന അഴിമതികളില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.
പി.ബി അംഗം കൂടിയായ പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാർ അഴിമതി, സ്വജനപക്ഷപാതം, ക്രിമിനല്‍വത്കരണം എന്നിങ്ങനെ അതിഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ആരോപണങ്ങളിൽപെട്ടുഴലുകയാണ്.
നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകള്‍ പുറത്ത് വന്നിരിക്കുന്നു. എന്‍.ഐ.എ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നീളുന്ന അവസ്ഥയാണ്.
ഈ കേസിലെ പ്രധാന പ്രതികളുമായി മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും ബന്ധമുണ്ടെന്നും തെളിഞ്ഞിരിക്കുന്നു. കള്ളക്കടത്ത് കേസിലെ രണ്ടാംപ്രതി മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിൽ അനധികൃതനിയമനം നേടിയയാളാണ്. എന്നാൽ, തെൻറ വകുപ്പില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈകഴുകുകയാണ്. പിണറായി വിജയെൻറ നേതൃത്വത്തില്‍ കണ്‍സള്‍ട്ടന്‍സി രാജാണ് നടക്കുന്നത്. മന്ത്രിസഭയെ ഇരുട്ടില്‍നിര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫിസ് എടുത്ത നിയമവിരുദ്ധവും ഏകാധിപത്യപരവുമായ തീരുമാനങ്ങളുടെ വ്യാപ്തി അമ്പരപ്പിക്കുന്നതാണ്.
സി.പി.എമ്മിെൻറ പ്രഖ്യാപിതമായ നയപരിപാടികളില്‍ നിന്നുള്ള നഗ്നമായ വ്യതിചലനത്തെക്കുറിച്ച് സീതാറാം യെച്ചൂരി വിശദീകരിക്കണം. ജാഗ്രതക്കുറവും വീഴ്ചയും വരുത്തിയ മുഖ്യമന്ത്രി പിണറായിക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
നേതൃത്വത്തിൽ ഭിന്നതയില്ല –യെച്ചൂരി
ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആര് കുറ്റക്കാരനെന്ന് കണ്ടെത്തിയാലും നടപടിയുണ്ടാവുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
വിഷയത്തിൽ സി.പി.എം നേതൃത്വത്തിൽ ഭിന്നതയില്ല. ഇതു സംബന്ധിച്ച പാർട്ടി നിലപാട് കേരള നേതൃത്വം പ്രഖ്യാപിച്ചതാണ്. സംസ്ഥാന നേതൃതലത്തിൽ വിഷയം ചർച്ച ചെയ്തുവരുകയാണ്.
സംസ്ഥാന ഘടകത്തിെൻറ റിേപ്പാർട്ട് ലഭിച്ചാൽ ചർച്ചചെയ്യും. രമേശ് ചെന്നിത്തലയുടെ കത്ത് കിട്ടി. പരിശോധിച്ച ശേഷം പ്രതികരിക്കാം -അദ്ദേഹം പറഞ്ഞു.
‘അനധികൃത നിയമനത്തെ മുഖ്യമന്ത്രി വെള്ളപൂശുന്നു’
തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ച് ഉന്നയിച്ച കാതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പി.എസ്.സി വഴി നടക്കുന്ന പതിവ് നിയമനങ്ങളുടെ കണക്കുകള്‍ ഉദ്ധരിച്ച് അനധികൃത നിയമനങ്ങളെ വെള്ളപൂശാനാണ് മറുപടിക്കത്തില്‍ മുഖ്യമന്ത്രി ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍ക്കാര്‍ നടത്തിയ ക്രമവിരുദ്ധ കരാര്‍ നിയമനങ്ങള്‍, എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളെ മറികടന്നുള്ള നിയമനങ്ങള്‍, സുപ്രീംകോടതി വിധിയെ മറികടന്നുള്ള സ്ഥിരപ്പെടുത്തലുകള്‍, പിഎസ്.സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി നടക്കുന്ന താല്‍ക്കാലിക നിയമനങ്ങള്‍ എന്നിവ ഉള്‍പ്പെടെ പല ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിക്ക് ഉത്തരമില്ല.
വന്‍കിട പദ്ധതികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആശങ്കകളെല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വിവിധ വകുപ്പുകളിലും ബോര്‍ഡ് - കോര്‍പറേഷനുകളിലും നടന്ന നിയമനങ്ങൾ അന്വേഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.