തളിപ്പറമ്പ് (കണ്ണൂർ): സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്, കടമ്പേരി സ്വദേശി വിജേഷ് പിള്ള എന്നിവർക്കെതിരെ കേസെടുത്തു. സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് തളിപ്പറമ്പ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
സ്വപ്ന സുരേഷ് തന്നോട് വിജേഷ് പിള്ള പറഞ്ഞു എന്ന രീതിയിൽ കഴിഞ്ഞ ഒമ്പതിന് ഫേസ്ബുക്ക് ലൈവിലൂടെ ഉന്നയിച്ച ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്നും ഇതിനായി 30 കോടി രൂപ നൽകാമെന്നും തയാറായില്ലെങ്കിൽ ഇല്ലാതാക്കിക്കളയുമെന്ന് എം.വി. ഗോവിന്ദന്റെ ദൂതൻ എന്ന രീതിയിൽ വിജേഷ് പിള്ള സ്വപ്നയോട് പറഞ്ഞു എന്നാണ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
50 വർഷത്തെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ സി.പി.എം സംസ്ഥാന സെക്രട്ടറിയും പാർട്ടി പോളിറ്റ് ബ്യൂറോ മെംബറും തളിപ്പറമ്പ് എം.എൽ.എയുമായ എം.വി. ഗോവിന്ദന് കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള സൽപ്പേര് കളങ്കപ്പെടുത്തുന്നതിനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണിതെന്നും പരാതിയിൽ പറയുന്നു.
കൃത്രിമരേഖയുണ്ടാക്കിയാണ് ലൈവിൽ വന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സമൂഹത്തിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ്. പ്രകോപനം സൃഷ്ടിക്കുന്നതിലൂടെ കലാപത്തിനുള്ള ആഹ്വാനമാണ് സ്വപ്ന സുരേഷും വിജേഷ് പിള്ളയും നടത്തിയത്. തളിപ്പറമ്പ് സ്റ്റേഷൻ ഓഫിസർക്ക് നൽകിയ പരാതിയിൽ കേസെടുത്ത് നിയമ നടപടി സ്വീകരിക്കാൻ തയാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സന്തോഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.