ചെന്നൈ/മുംബൈ/പട്ന: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാവണമെന്ന പ്രമേയവുമായി കൂടുതൽ സംസ്ഥാനങ്ങൾ. തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാർ കോൺഗ്രസ് കമ്മിറ്റികളാണ് തിങ്കളാഴ്ച ഐകകണ്ഠ്യേന രാഹുലിനായി പ്രമേയം പാസാക്കിയത്. രാജസ്ഥാൻ, ഛത്തിസ്ഗഢ്, ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റികൾ നേരത്തേ പ്രമേയം പാസാക്കിയിരുന്നു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ-ജനാധിപത്യ ശക്തികളുടെ വിജയത്തിനായി പാർട്ടിയെ നയിക്കാൻ രാഹുൽ ഗാന്ധിയോട് അഭ്യർഥിക്കുന്ന പ്രമേയവും തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി ജനറൽ കൗൺസിൽ യോഗം പാസാക്കി. വർഗീയതയിൽ അധിഷ്ഠിതമായ അസാധാരണമായ സാഹചര്യത്തിലാണ് ദേശീയ രാഷ്ട്രീയം കടന്നുപോകുന്നതെന്നും ഇത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വികസനത്തിനും ദോഷം ചെയ്യുമെന്നും പ്രത്യേക സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി എ.ഐ.സി.സി ഐകകണ്ഠ്യേന തെരഞ്ഞെടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന അധ്യക്ഷൻ കെ.എസ്. അളഗിരി അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡന്റ് കെ. ജയകുമാർ എം.പി പ്രമേയം അവതരിപ്പിച്ചു.
മഹാരാഷ്ട്രയിൽ മുൻ മുഖ്യമന്ത്രി അശോക് ചവാൻ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന യോഗം അംഗീകരിച്ചു. അധ്യക്ഷൻ ഉൾപടെ മഹാരാഷ്ട്ര കോൺഗ്രസ് ഭാരവാഹികളെ നിയോഗിക്കാനുള്ള അധികാരം ഹൈകമാൻഡിന് നൽകുന്ന പ്രമേയവും പ്രതിനിധി സമ്മേളനം പാസാക്കി. നിലവിലെ അധ്യക്ഷനും മുൻ മഹാരാഷ്ട്ര സ്പീക്കറുമായ നാന പടോളെയാണ് പ്രമേയം അവതരിപ്പിച്ചത്. വരണാധികാരി പല്ലം രാജു, മഹാരാഷ്ട്രയുടെ ചുമതലയുള്ള എച്ച്.കെ പാട്ടീൽ, മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ, മുൻമന്ത്രി ബാലാസാഹെബ് തോറാട്ട് എന്നിവരും പങ്കെടുത്തു. സംസ്ഥാന ചുമതലയുള്ള അഖിലേന്ത്യ നേതാവ് ഭക്ത ചരൺ ദാസ്, സംസ്ഥാന പ്രസിഡന്റ് മദൻ മോഹൻ ഝാ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ബിഹാറിൽ രാഹുലിനായുള്ള പ്രമേയം പാസായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.