ചങ്ങരംകുളം: സംസ്ഥാനപാതയില്‍ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽനിന്ന് ആസിഡ് ചോർന്നു. ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ വന്‍ ദുരന്തം ഒഴിവാക്കി. കുറ്റിപ്പുറം-തൃശൂര്‍ പാതയില്‍ മലപ്പുറം ജില്ല അതിര്‍ത്തിയായ കടവല്ലൂരില്‍ ഞായറാഴ്ച പുലര്‍ച്ച ഒന്നോടെയാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഹൈഡ്രോേക്ലാറിക് ആസിഡ് ടാങ്കറിെൻറ വാൽവ് പൊട്ടി ചോർന്നത്.
ഗോവയില്‍നിന്ന് കൊച്ചിയിലെ ഫാക്ടറിയിലേക്ക് പോകുകയായിരുന്ന ടാങ്കറിെൻറ വാൽവ് പെരുമ്പിലാവിനും കല്ലുംപുറത്തിനുമിടയിലാണ് പൊട്ടിയത്. നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ അറിയിച്ചതനുസരിച്ച് കുന്നംകുളം, തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍നിന്നായി അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്സും കുന്നംകുളം പൊലീസും സ്ഥലത്തെത്തി. ചോര്‍ച്ച വന്ന ടാങ്കര്‍ ജനവാസ മേഖലയില്‍നിന്ന് മാറ്റി ആസിഡ് ഒഴുക്കിക്കളയാന്‍ നിര്‍ദേശം നല്കി. തുടര്‍ന്ന്, സംസ്ഥാന പാതയില്‍തന്നെ മലപ്പുറം-തൃശൂര്‍ ജില്ല അതിര്‍ത്തിയായ കടവല്ലൂര്‍ പാടത്തേക്ക് ഇറക്കി മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ പുലര്‍ച്ച അഞ്ചോടെ ആസിഡ് പൂര്‍ണമായും വയലില്‍ ഒഴുക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് വെള്ളമടിച്ച് വീര്യം കുറച്ചു.
ഇരുമ്പ് ഉരുക്കാനും മറ്റ് ഫാക്ടറി ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന വീര്യംകൂടിയ ആസിഡ് ശ്വസിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്താണ് ജനസാന്ദ്രത കുറഞ്ഞ ഭാഗത്ത് വയലിലേക്ക് ഇറക്കിയത്. 20 ടണ്‍ ആസിഡാണ് ഒഴുക്കിക്കളഞ്ഞത്. സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം കിലോമീറ്റര്‍ അകലത്തില്‍ ഇവ പരന്നുകിടന്നു. വാഹനങ്ങള്‍ റോഡരികിൽ നിർത്തിയിട്ടു. പ്രദേശവാസികള്‍ പലരും അസഹ്യമായ ദുര്‍ഗന്ധം മൂലം വീടിന് പുറത്തിറങ്ങി.
ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ആസിഡ് ചോർന്നത് പ്രദേശത്തെ മണിക്കൂറുകളോളമാണ് ഭീതിയിലാക്കിയത്. മലപ്പുറം ജില്ല ട്രോമാകെയര്‍ ചങ്ങരംകുളം യൂനിറ്റ് അംഗങ്ങളും അപകടം ഒഴിവാക്കാൻ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.