ടാങ്കർ ലോറിയും ബസും കൂട്ടിയിടിച്ചു ബസ് യാത്രികൻ മരിച്ചു

കോട്ടക്കൽ: ബ്രേയ്ക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറിസ്വകാര്യ ബസിലിടിച്ച് മധ്യവയസ്കൻ മരിച്ചു നാലു പേർക്ക് പരിക്കേറ്റു. ബസ് യാത്രികനായ കോട്ടക്കൽ സൂപ്പി ബസാർ സ്വദേശി വൈലിശ്ശേരി അബൂബക്കർ (58) ആണ് മരിച്ചത്. പാങ്ങ് സ്വദേശി അലീമ (65), ചെമ്മാട് അയ്യംപള്ളി സഫിയ (50), വെന്നിയൂർ ഇല്ലിക്കൽ ആയിഷ (58), വാളക്കുളം പഴയകത്ത് ഷഫീഖ് (20) എന്നിവർക്കാണ് പരിക്കേറ്റത്. 

സ്ഥിരം അപകടമേഖലയായ ദേശീയപാത എടരിക്കോടിനു സമീപം പാലച്ചിറമാട് ഇറക്കത്തിലാണ് അപകടം. ചെമ്മാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിന്‍റെ വലതു വശത്തിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അബൂബക്കറിന ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഏഴരയോടെ മരിക്കുയായിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക് മൂന്നു മണിയോടെയാണ് അപകടം. ഇറക്കം ഇറങ്ങി വരുന്നതിനിടെ പെട്രോളുമായി പോകുകയായിരുന്ന ടാങ്കറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തിരൂരിൽ നിന്നും അഗ്നിശമനസേന, പൊലീസ് എന്നിവരെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പരിക്കേറ്റവർ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കൂലി പണിക്കാരനാണ് അബൂബക്കർ. ഭാര്യ സൈനബ. മക്കൾ: സുബൈർ, ബഷീർ, മുഹമ്മദ് ഫഹദ്, ഫാത്തിമ ലുബാബ, ഫാത്തിമ ലബീബ, മുഹമ്മദ് ഫുജൈർ. ഹർഷിന ഏക മരുമകളാണ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


 

Tags:    
News Summary - tanker lorry hit bus in changuvetty, malappuram; one dead -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.