പരപ്പനങ്ങാടി: തീരത്തിന്റെ തിരനാളങ്ങൾ ആസ്വദിക്കാനെത്തിയ പിഞ്ചോമനകളുൾപ്പടെയുള്ളവർ ഉല്ലാസ ബോട്ട് മറിഞ്ഞ് നിലയറ്റ് മുങ്ങിയ വിവരം തീരത്തെ ഞെട്ടിച്ചു. അപകട വിവരം അറിഞ്ഞ് നിമിഷം പോലും പാഴാക്കാതെ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിറങ്ങുകയായിരുന്നു. അഴിമുഖത്തും പുഴയിലും കൂരിരുട്ടിൽ രക്ഷാപ്രവർത്തനത്തിൽ വ്യാപൃതരാകാൻ കഴിഞ്ഞതിനാൽ നിരവധി ജീവനുകളെയാണ് മരണക്കയത്തിൽനിന്ന് വാരിയെടുത്തത്.
ജില്ല ട്രോമാകെയർ സേവന വളന്റിയർമാരും ആംബുലൻസ്, അഗ്നിരക്ഷാസേന, പൊലീസ് വിഭാഗങ്ങളും രംഗത്തെത്തിയിരുന്നു. രാത്രി ഏറെ വൈകിയും രക്ഷാപ്രവർത്തകർ അഴിമുഖം അരിച്ചുപെറുക്കുകയായിരുന്നു.വർഷങ്ങൾക്ക് മുമ്പ് നടന്ന കടലുണ്ടി ട്രെയിൻ ദുരന്ത മേഖലയിൽ നടന്ന രക്ഷാപ്രവർത്തനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു നാട്ടുകാരുടെ പ്രയത്നങ്ങൾ.
പരപ്പനങ്ങാടി: താനൂർ ബോട്ടപകടം അറിയിച്ചത് മറ്റൊരു ബോട്ടിലെ യാത്രക്കാർ.അഴിമുഖത്ത് ഉല്ലാസ ബോട്ട് മുങ്ങുന്നത് കണ്ട മറ്റൊരു ബോട്ടിലെ യാത്രക്കാർ കരക്കെത്തി നിലവിളിച്ചതോടെയാണ് അപകടം നാടിന്റെ ശ്രദ്ധയിൽപ്പെട്ടത്.ബോട്ട് ആടിയുലഞ്ഞ് മറിയുന്നത് കണ്ട രണ്ടാമത്തെ ബോട്ടിലെ യാത്രക്കാർ നിലവിളികളോടെ തീരത്തെത്തിയാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. പരപ്പനങ്ങാടി തീരത്തെ ഒരു കുടുംബത്തിലെ എട്ടുപേരും മഞ്ചേരി ആനക്കയം പുള്ളിയിലങ്ങാടിയിൽ നിന്നുള്ള കുടുംബവുമടക്കമുള്ളവർ കയറിയ ഉല്ലാസബോട്ട് ഭാരം താങ്ങാനാവാനാതെ ചെരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.