ഇവർക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി
താനൂർ: 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ പൂരപ്പുഴ ബോട്ടപകടത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. കോഴിക്കോട് പോർട്ട് കൺസർവേറ്ററെയും സർവേയറെയുമാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോർട്ട് കൺസർവേറ്റർ പൊന്നാനി പുന്നത്തിരുത്തി വലിയവീട്ടിൽ പ്രസാദ് (50), ആലപ്പുഴ ചീഫ് സർവേയർ വട്ടിയൂർക്കാവ് കുരുവിക്കാട് കല്ലാനിക്കൽ സെബാസ്റ്റ്യൻ ജോസഫ് (43) എന്നിവരാണ് പിടിയിലായത്.
ബോട്ട് നിർമാണത്തിന്റെ ഘട്ടങ്ങളിലൊന്നും ഔദ്യോഗിക പരിശോധനകളുണ്ടായില്ല. ബോട്ടുടമ പാട്ടരകത്ത് നാസറും പോർട്ട് ഉദ്യോഗസ്ഥരും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇവർക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി.
പോർട്ട് കൺസർവേറ്റർ ബോട്ടുടമക്കായി അനധികൃത ഇടപെടൽ നടത്തിയെന്നും സർവേയർ ശരിയായ സുരക്ഷ പരിശോധന നടത്തിയില്ലെന്നും തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബോട്ടിന് ലൈസൻസ് അനുവദിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും പരിശോധന നടത്തേണ്ട ചീഫ് സർവേയർ അലംഭാവം വരുത്തി.
നിയമം ലംഘിച്ച് മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാര ബോട്ടാക്കി മാറ്റിയ വിവരം രേഖകളിൽനിന്നെല്ലാം ബോധപൂർവം ഒഴിവാക്കി. മുകളിലെ തട്ടിലേക്ക് കോണി നിർമിച്ചത് കണ്ടില്ലെന്ന് നടിച്ചു. ഇതെല്ലാം അപകടത്തിന് കാരണമായി. ബോട്ടിന് ലൈസൻസ് ലഭിക്കാതെയാണ് സർവിസ് നടത്തിയത്.
താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.