മലപ്പുറം: താനൂരിൽ താമിർ ജിഫ്രിയെന്ന യുവാവ് കസ്റ്റഡിയിൽ മരിച്ച കേസിൽ ക്രൈംബ്രാഞ്ച് പ്രതിപട്ടിക സമർപ്പിച്ചത് ഹൈകോടതി ഇടപെടലിനു പിന്നാലെ. കസ്റ്റഡി മരണകേസിൽ അന്വേഷണ സംഘത്തോട് കേസ് ഡയറി ഹാജരാക്കാൻ കഴിഞ്ഞദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു.
കൂടാതെ കോടതിയെ അന്വേഷണ പുരോഗതി അറിയിക്കണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് നിർദേശം നൽകി. ഇതിനുശേഷമാണ് അന്വേഷണ സംഘം തുടർനടപടികളിലേക്ക് വേഗത്തിൽ കടന്നത്.
ആഗസ്റ്റ് രണ്ടിന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും കൊലപാതക വകുപ്പുകൾ കൂട്ടിച്ചേർത്തതല്ലാതെ പ്രതികളെ കണ്ടെത്തുകയോ പൊലീസുകാരെ പ്രതിചേർക്കുകയോ ചെയ്തിട്ടില്ലായിരുന്നു. അന്വേഷണത്തിൽ വേണ്ടത്ര പുരോഗതി ഇല്ലാതായതോടെയാണ് താമിറിന്റെ കുടുംബം ഹൈകോടതിയെ സമീപിച്ചത്.
സർക്കാർ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നടപടിയില്ലെന്നും ഇക്കാര്യത്തിൽ ഹൈകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രിയാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാൻ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതായും ഹരജിയിൽ ആരോപിച്ചിരുന്നു.
സത്യം പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം അനിവാര്യമാണ്. പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ളതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, താനൂർ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലും ഇതുവരെ ശേഖരിച്ചിട്ടില്ലെന്നും കുടുംബം പരാതി ഉന്നയിച്ചു.
കേസിന്റെ തുടർ നടപടികളിൽ അന്വേഷണ സംഘം മെല്ലെപ്പോക്ക് തുടർന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയടക്കം സംരക്ഷിക്കാനാണെന്നും വിമർശനം ഉയർന്നിരുന്നു.
താമറിനെ ക്രൂരമായി മർദിച്ച നാല് പൊലീസ് ഉദ്യോഗസ്ഥരെയാണ് നിലവിൽ പ്രതി ചേർത്തത്. ഇവർക്കെതിരെ കൊലപാതകമടക്കമുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്തേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.