തന്നെയും സതീശനെയും ലക്ഷ്യംവെക്കുന്നത് താൽകാലികം; ഇത്രയും എതിർപ്പുകൾ പ്രതീക്ഷിച്ചില്ല -കെ. സുധാകരൻ

കോഴിക്കോട്: ഡി.സി.സി പുനഃസംഘടനക്ക് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ കൂടുതൽ വിശദീകരണവുമായി കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. കോൺഗ്രസിലെ തർക്കങ്ങൾക്ക് കാരണം അധികാരകേന്ദ്രം മാറുന്നതിലെ ആശങ്കയാവാമെന്ന് സുധാകരൻ പറഞ്ഞു. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി മുന്നോട്ടുപോകുമെന്നും സുധാകരൻ വ്യക്തമാക്കി.

പാർട്ടിയെ ശുദ്ധീകരിക്കാൻ ശ്രമിക്കുമ്പോൾ ഇത്രയേറെ എതിർപ്പുകൾ ഉണ്ടാവുമെന്ന് കരുതിയില്ല. എല്ലാവരും സഹകരിക്കുമെന്നാണ് കരുതിയത്. എന്നാൽ, വികാരപ്രകടനം നടത്തുന്നവരെ കുറ്റം പറയാൻ സാധിക്കില്ല. കുറേകാലം കൈയ്യിൽവെച്ച് പാർട്ടിയെ നിയന്ത്രിച്ച അധികാര കേന്ദ്രം മാറുന്നതിലെ ആശങ്ക കടന്നു വരുമ്പോഴാണ് ഇത്തരം പ്രതികരണങ്ങൾ ചിലരിൽ നിന്ന് ഉണ്ടാകുന്നത്.

പാർട്ടിയുടെ നേതൃത്വത്തിൽ നിന്ന് ആരെയും മാറ്റിനിർത്താൻ ആഗ്രഹിക്കുന്നില്ല. അത്തരത്തിൽ ചെയ്തിട്ടുമില്ല. രണ്ടു തവണ ചർച്ച ചെയ്തെന്ന് പറഞ്ഞപ്പോൾ ഇല്ലെന്ന് അവർ പ്രതികരിച്ചു. ആ സമയത്താണ് അഭിപ്രായ വ്യത്യാസമുണ്ടായത്. തന്‍റെ വിശ്വാസ്യത ചോദ്യം ചെയ്തപ്പോഴാണ് ഡയറി ഉയർത്തികാട്ടി വിശദീകരിക്കേണ്ടി വന്നത്. രമേശ് ചെന്നിത്തലക്ക് തന്നേക്കാളും പ്രായം കുറവാണ്. മുതിർന്ന ആളെന്ന നിലക്കുള്ള ബഹുമാനം തന്നോട് കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജംബോ കമ്മിറ്റികളിൽ മാറ്റമുണ്ടാവണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും നേതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും സുധാകരൻ പറഞ്ഞു.

പാർട്ടി അച്ചടക്കം താന്‍ ലംഘിച്ചിട്ടില്ല. അത്തരത്തില്‍ ഒരു പ്രസ്താവന പോലും തന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അച്ചടക്കം പാലിച്ചേ മുന്നോട്ടു പോകുവാൻ സാധിക്കൂ. അച്ചടക്കത്തോടെ മുന്നോട്ടു പോകാൻ സാധിച്ചാൽ മാത്രമേ കെ.പി.സി.സി അധ്യക്ഷ പദത്തിൽ തുടരൂ. തന്നെയും വി.ഡി. സതീശനെയും ലക്ഷ്യം വെക്കുന്നത് താൽകാലികം മാത്രമാണ്. തങ്ങള്‍ക്ക് ആവേശം നല്‍കുന്ന അണികൾ മറുഭാഗത്തുണ്ട്. അവരുടെ വിശ്വാസവും ആവേശവും കരുത്തുപകരുമെന്നും ചാനൽ അഭിമുഖത്തിൽ കെ. സുധാകരൻ വ്യക്തമാക്കി.

Tags:    
News Summary - Targeting himself and VD Satheesan is temporary -K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.