ഉരുൾ ദുരന്തം: നാലാംദിനം നാലു​പേർ ജീവിതത്തിലേക്ക്

കൽപ്പറ്റ: വയനാട്ടിൽ 300 ലേറെ ആളുകളുടെ ജീവനെടുത്ത ദുരന്തഭൂമിയിൽ നിന്ന് ആശ്വാസം പകരുന്ന വാർത്ത.  ഉരുൾപൊട്ടലുണ്ടായതിന്റെ നാലാംദിവസം നാലുപേരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചിരിക്കുകയാണ് സൈന്യം. പടവെട്ടിക്കുന്നിൽ സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തിയത്. ദുരന്തത്തിന്റെ നെഞ്ചുലയ്ക്കുന്ന കാഴ്ചകൾക്കിടയിലാണ് പ്രതീക്ഷ പകരുന്ന പുതിയ വാർത്തയെത്തിയത്. 

രണ്ടു സ്‍ത്രീകളെയും രണ്ടു പുരുഷൻമാരെയുമാണ് നാലാംനാൾ ജീവിതത്തിലേക്ക് ഉയിർത്തെഴുന്നേറ്റത്. ജോണി, ജോമോൾ, എബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞു. ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് നാലുപേരെ ജീവനോടെ സൈന്യം കണ്ടെത്തിയത്. തുടർന്ന് ഇവരെ വ്യോമമാർഗം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. നാലുദിവസമായി ഒരു വീട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ. 

രക്ഷപ്പെടുത്തിയ പെൺകുട്ടിയുടെ കാലിന് പരിക്കുണ്ട്. ജീവനോടെ രക്ഷപ്പെടുത്താൻ ആരും ബാക്കിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സൈന്യം അറിയിച്ചിരുന്നത്. അതിനിടെയാണ് നാലുപേരെ ജീവനോടെ കണ്ടെത്തിയത്.  ജീവന്റെ മിടിപ്പ് തേടി സൈന്യം ഓരോയിടത്തും തിരച്ചിൽതുടരുകയാണ്. സൈന്യത്തിനൊപ്പം എൻ.ഡി.ആർ.എഫും സർക്കാരും വിവിധ സന്നദ്ധ സംഘടനകളും തിരച്ചിലിനുണ്ട്.

അതിനിടെ, മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം കവർന്നവരുടെ എണ്ണം 316 ആയി. ചാലിയാറിൽ നിന്ന് 172 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇനി 298 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സൈന്യത്തിന്റെ ബെയ്‍ലി പാലം പ്രവർത്തന സജ്ജമായതോടെയാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്. ഇതിലൂടെ വലിയ പാലത്തിലൂടെയെന്നവണ്ണം വാഹനങ്ങളടക്കം കടന്നുപോകാൻ തുടങ്ങി.ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലായി ആകെ 578 കുടുംബങ്ങളിലെ 2,328 പേരാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ വ്യാഴാഴ്ച ഉച്ചയോടെ ദുരന്തമേഖല സന്ദർശിച്ചു.

Tags:    
News Summary - Landslide: Four people were rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.