കാസർകോട്: ചട്ടഞ്ചാലിൽ ടാറ്റ കോവിഡ് ആശുപത്രി നിർമിക്കുന്നതിന് 4.12 ഏക്കർ വഖഫ് ഭൂമി കൈമാറിയത് സമ്മർദം മൂലം. മുൻ മന്ത്രിസഭാംഗവും ജില്ലാ ഭരണകൂടവും ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് അസോസിയേഷൻ പ്രസിഡൻറ് കൂടിയായ സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ മേൽ സമ്മർദം ചെലുത്തിയാണ് ഭൂമി കൈമാറിയത്.
പൊതു ആവശ്യമെന്ന നിലക്ക് ഭൂമി അനുവദിക്കണമെന്ന് സമ്മർദം ചെലുത്തുകയായിരുന്നു. മലബാർ ഇസ്ലാമിക് കോംപ്ലക്സിന് സ്വകാര്യ വ്യക്തി വഖഫ് ചെയ്തുനൽകിയ ഭൂമിയാണിത്. വിശ്വാസപരമായ ലക്ഷ്യം മുൻനിർത്തി നൽകിയ ഭൂമി സർക്കാറിന് നൽകുന്നതിൽ കോംപ്ലക്സ് ഭാരവാഹികൾക്ക് താൽപര്യമുണ്ടായിരുന്നില്ല.
വഖഫ് ചെയ്ത കുടുംബത്തോട് ചെയ്യുന്ന അനീതിയാണെന്ന അഭിപ്രായമാണ് കമ്മിറ്റിയിൽ ഉയർന്നത്. പൊതുആവശ്യങ്ങൾക്ക് ഏത് ഭൂമിയും പിടിച്ചെടുക്കാനുള്ള വകുപ്പ് ചൂണ്ടിക്കാട്ടി മുൻ കലക്ടർ ഡോ. ഡി. സജിത് ബാബു കമ്മിറ്റിക്ക് മുന്നറിയിപ്പ് നൽകി.
ധാരണയാകും മുമ്പ് സ്ഥലത്ത് പ്രവൃത്തിയും തുടങ്ങി. ജില്ല ഭരണകൂടത്തിന് പുറമെ മന്ത്രി കൂടി സമ്മർദം ചെലുത്തിയതോടെ മറ്റുവഴികളില്ലായിരുന്നുവെന്ന് കമ്മിറ്റിയംഗം 'മാധ്യമ'ത്തോട് പറഞ്ഞു. കോവിഡ് ആശുപത്രി നിലനിൽക്കുന്ന സ്ഥലത്ത് ഏക്കർ കണക്കിന് റവന്യൂ ഭൂമിയുണ്ടായിട്ടും ഇൗ സ്ഥലംതന്നെ വേണമെന്ന് നിർബന്ധിച്ചതിനാൽ കൈമാറുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എൽ.കെ.ജി മുതൽ പി.ജി വരെയുള്ള സ്ഥാപനങ്ങൾ നടത്തുന്നതിനാൽ സർക്കാർ സംവിധാനവുമായി ഏറ്റുമുട്ടണ്ട എന്ന നിലക്കാണ് ഭൂമി കൈമാറാൻ നിർബന്ധിതമായത്. അങ്ങനെയാണ് 2020 ഏപ്രിൽ 17ന് ഭൂമികൈമാറ്റ ഉടമ്പടിയുണ്ടാക്കിയത്.
കോവിഡ് മൂർധന്യ വേളയായതിനാൽ 60 കഴിഞ്ഞവർക്ക് പുറത്തിറങ്ങുന്നതിന് വിലക്കുള്ള സാഹചര്യമായതിനാൽ ജിഫ്രി തങ്ങളെ തേടി കൊണ്ടോട്ടിയിലെത്തിയാണ് ഉടമ്പടിയിൽ ഒപ്പിട്ടത്. പകരം ഭൂമി നൽകാമെന്ന വ്യവസ്ഥ സർക്കാർ ലംഘിച്ചതോടെയാണ് ഭൂമിയിടപാടിലെ വിവരങ്ങൾ പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.