കട്ടപ്പന: അന്തർ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ഗുണനിലവാരമില്ലാത്ത തേയിലക്കൊളുന്തിെൻറ വിൽപനക്ക് ടീ ബോർഡ് ജില്ലയിൽ നിരോധനം ഏർപ്പെടുത്തി. 'ഇടുക്കി ചായയിൽ അയലത്തെ പൊടി' തലക്കെട്ടിൽ 'മാധ്യമം' വാർത്ത നൽകിയതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് പച്ചക്കൊളുന്തിെൻറ വരവ് നിരോധിച്ച് നടപടി. ഇതോടെ തേയില വില റെക്കോഡിലേക്ക് നീങ്ങുകയാണ്.
തമിഴ്നാട്ടിൽനിന്ന് ഗുണനിലവാരം കുറഞ്ഞ തേയിലക്കൊളുന്ത് ഇടുക്കിയിലെ ഫാക്ടറികളിലേക്ക് ഒഴുകുന്നുവെന്ന് കഴിഞ്ഞ 15നാണ് മാധ്യമം റിപ്പോർട്ട് നൽകിയത്. ഗുണനിലവാരം കുറഞ്ഞ തേയില വാങ്ങുന്ന ഫാക്ടറികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ടീ ബോർഡ് ഫാക്ടറി ഉടമകൾക് മുന്നറിയിപ്പ് നൽകി. ഇതോടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് ജില്ലയിലേക്ക് ഒഴുകിയിരുന്ന ഗുണനിലവാരം കുറഞ്ഞ തേയിലയുടെ വരവ് നിൽക്കുകയും തേയില പച്ചക്കൊളുന്തിെൻറ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് ഉയരുകയുമായിരുന്നു. ഗുണനിലവാരമുള്ള
പച്ചക്കൊളുന്തിെൻറ വില കിലോഗ്രാമിന് 28 മുതൽ 32 വരെയാണിപ്പോൾ. തേയില ബോർഡ് പ്രഖ്യാപിച്ച ഈ മാസത്തെ പച്ചക്കൊളുന്തിെൻറ തറവിലയും എക്കാലത്തെയും ഉയർന്നതാണ്. കിലോഗ്രാമിനിനു 17.55 രൂപ. ഉയർന്ന തറവില ഇതുവരെ 16 രൂപയായിരുന്നു. തമിഴ്നാട്ടിലെ ഒട്ടംചിത്രം, ഗുഡല്ലൂർ മേഖലകളിൽ ഉൽപാദിപ്പിക്കുന്ന ഗുണനിലവാരം കുറഞ്ഞ പച്ചക്കൊളുന്ത് ഇടുക്കിയിലെ തേയില ഫാക്ടറികളിൽ രാത്രികാലത്ത് കൊണ്ടുവന്ന് ഇവിടുത്തെ തേയിലയുമായി കൂട്ടിക്കലർത്തി ഉണക്കി 'ഇടുക്കിയിലെ തേയില' പേരിൽ കൂടിയ വിലയിൽ വിറ്റഴിക്കുകയായിരുന്നു.
ഇതേതുടർന്ന് തേയിലയുടെ ഗുണനിലവാരം ഇടിയുകയും ഇടുക്കി തേയിലക്കുണ്ടായിരുന്ന വൻ ഡിമാൻഡ് നഷ്ടപ്പെടാനും ഇടയാക്കി. ജില്ലയിലെ ചെറുകിട തേയില കർഷകർ ടീ ബോർഡിന് പരാതിയും നൽകി. കിലോഗ്രാമിനു 28 രൂപവരെ പച്ചക്കൊളുന്തിന് വിലയുണ്ടായിരിക്കെയാണ് നിലവാരംകുറഞ്ഞ പച്ചക്കൊളുന്ത് കിലോഗ്രാമിന് 15 മുതൽ 18 രൂപക്ക് വരെ വിലയിൽ തമിഴ്നാട്ടിൽനിന്ന് എത്തിച്ചിരുന്നത്.
കിലോഗ്രാമിന് 10 മുതൽ 13 രൂപ വരെ ഇടലാഭം കൊയ്യുകയായിരുന്നു ഇടനിലക്കാർ. നിരവധി ഏജൻററുമാരും ഫക്ടറിഉടമകളും തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ വിലയിൽ കിട്ടുന്ന തേയില വാങ്ങി ഇടുക്കിയിലെ ഫാക്ടറികളിൽ വിൽക്കുകയും ഉണക്കി വിൽക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മാധ്യമം വാർത്തയുടെ പശ്ചാത്തലത്തിലാണ് ടീ ബോർഡ് കർശന നടപടി സ്വീകരിക്കാൻ നിർബന്ധിതമായതെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ പ്രസിഡൻറ് വൈ.സി. സ്റ്റീഫൻ പറഞ്ഞു.
പച്ചക്കൊളുന്തിന് കിലോക്ക് 17.55 രൂപ
കട്ടപ്പന: തേയില പച്ചകൊളുന്തിെൻറ ജനുവരി മാസത്തെ തറവില (അടിസ്ഥാന വില) കിലോക്ക് 17.55 രൂപയായി ടീ ബോർഡ് പ്രഖ്യാപിച്ചു. തേയില ബോർഡ് പച്ചക്കൊളുന്തിന് മാസാമാസം അടിസ്ഥാന വില നിശ്ചയിക്കുന്നതിെൻറ ഭാഗമായാണ് പുതിയ തീരുമാനം. 2015ൽ പുതുക്കിയ ടീ മാർക്കറ്റിങ് കൺട്രോൾ ഓർഡർ പ്രകാരമാണ് വില നിശ്ചയിക്കുന്നത്.
ഓർഡർ പ്രകാരം നിശ്ചയിച്ച വിലയോ പ്രൈസ് ഷെയറിങ് ഫോർമുലപ്രകാരമുള്ള വിലയോ ഇതിൽ ഉയർന്ന വിലയാണ് ഇനി മുതൽ ഫാക്ടറി ഉടമകൾ തേയില കർഷകർക്ക് നൽകേണ്ടത്. തറവിലയിൽ കുറഞ്ഞ വിലക്ക് തേയിലക്കൊളുന്ത് വാങ്ങാനാവില്ല. തറവില പ്രഖ്യാപനം വന്നതോടെ പച്ചക്കൊളുന്തിെൻറ വിലയും കുത്തനെ ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.