പരീക്ഷക്കിടെ തിരിഞ്ഞുനോക്കിയ വിദ്യാർഥിനിയുടെ ഉത്തരപേപ്പർ പിടിച്ചുവെച്ചു; അര മണിക്കൂർ നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടി

പരീക്ഷക്കിടെ തിരിഞ്ഞുനോക്കിയ വിദ്യാർഥിനിയുടെ ഉത്തരപേപ്പർ പിടിച്ചുവെച്ചു; അര മണിക്കൂർ നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടി

വേങ്ങര (മലപ്പുറം): പ്ലസ് ടു പരീക്ഷ എഴുതുന്നതിനിടെ തിരിഞ്ഞുനോക്കിയതിന് വിദ്യാർഥിനിയുടെ ഉത്തരപേപ്പർ പിടിച്ചുവെച്ച അധ്യാപകനെതിരെ നടപടി. ഇൻവിജിലേറ്റർ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകനെ പരീക്ഷ നടപടികളിൽനിന്ന് വിദ്യാഭ്യാസ വകുപ്പ് ഒഴിവാക്കി.

പരീക്ഷ കമീഷണർ മാണിക് രാജാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര കുറ്റൂർ നോര്‍ത്ത് കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ഉത്തരപേപ്പറാണ് ഇൻവിജിലേറ്റർ അര മണിക്കൂറോളം പിടിച്ചുവെച്ചത്.

രണ്ടാം വർഷ ഇക്കണോമിക്സ് പരീക്ഷ എഴുതുന്നതിനിടെ തിരിഞ്ഞുനോക്കിയെന്ന കാരണം പറഞ്ഞാണത്രേ ഇത്. ആകെ വിഷമത്തിലായ വിദ്യാർഥിനിക്ക് പേപ്പർ തിരി​കെ ലഭിച്ച ശേഷവും പരീക്ഷ ശരിയായ രീതിയിൽ എഴുതാനായില്ലെന്ന് പറയുന്നു. എസ്.എസ്.എൽ.സി പരീക്ഷയിലും പ്ലസ് വൺ പരീക്ഷയിലും ഫുൾ എ ഗ്രേഡ് ലഭിച്ച വിദ്യാർഥിനിക്കാണ് ദുരനുഭവം നേരിട്ടത്. പ്ലസ് വൺ പരീക്ഷയിൽ ഇക്കണോമിക്സ് പേപ്പറിൽ 99 മാർക്കും ലഭിച്ചിരുന്നു. സിവിൽ സർവിസിന് തയാറെടുക്കുന്ന വിദ്യാർഥിനിക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്ന് കാണിച്ച് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.

പാണക്കാട് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് ഇൻവിജിലേറ്റർ ഡ്യൂട്ടിക്ക് എത്തിയിരുന്നതെന്നറിയുന്നു. സംഭവത്തിൽ മലപ്പുറം റീജനൽ ഡെപ്യൂട്ടി ഡയറക്ടർ അനിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇൻവിജിലേറ്റർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ വകുപ്പ് തല നടപടിയുണ്ടാകുമെന്നാണ് സൂചന. പരീക്ഷ പൂര്‍ത്തിയാക്കാനാകാതെ കരഞ്ഞാണ് വിദ്യാർഥിനി വീട്ടിലെത്തിയതെന്ന് മാതാവ് പറഞ്ഞു.

Tags:    
News Summary - Student's answer sheet was withheld; teacher exempted from examination procedures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.