കൊച്ചി: തന്റെ കാഴ്ചയില്ലായ്മയെയും പരിമിതിയെയും കുട്ടികൾ ദുരുപയോഗം ചെയ്തെന്ന് മഹാരാജാസ് കോളജിൽ അപമാനിക്കപ്പെട്ട അധ്യാപകൻ ഡോ. സി.യു. പ്രിയേഷ്. തെറ്റ് ചെയ്തവർ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നാം വർഷ ബി.എ പൊളിറ്റിക്കൽ സയൻസ് ക്ലാസിലാണ് വിദ്യാർഥികൾ അധ്യാപകനെ അപമാനിക്കുന്ന തരത്തിൽ വിഡിയോ ചിത്രീകരിച്ചത്. സംഭവത്തിൽ കെ.എസ്.യു യൂനിറ്റ് വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഫാസില്‍ അടക്കം ആറുപേരെ സസ്പെൻഡ് ചെയ്തിരുന്നു.
സംഘടന പ്രവർത്തകനായതിനാൽ ഫാസിൽ ക്ലാസിൽ വൈകിയാണ് വരാറുള്ളതെന്ന് പ്രിയേഷ് പറഞ്ഞു. എന്നാൽ, അനുവാദം ചോദിച്ചിട്ട് മാത്രമേ ക്ലാസിൽ കയറാറുള്ളൂ. ഫാസിൽ ഉൾപ്പെടെ ഒരു വിദ്യാർഥിയുമായും തനിക്കു പ്രശ്നമില്ല. കുട്ടികളുടെ ഭാവിയെ ബാധിക്കാത്ത രീതിയിൽ പ്രശ്നങ്ങൾ അവസാനിക്കണമെന്നാണ് ആഗ്രഹം. മാപ്പുപറഞ്ഞശേഷം അവർ ക്ലാസിൽ കയറുന്നതിനോട് വിയോജിപ്പില്ല. എന്നാൽ, ശാരീരികമായ പരിമിതികളുള്ള ഒരാളോടും ഇത്തരം പെരുമാറ്റം ഇനി ഉണ്ടാകരുത്. പരാതി കൊടുത്തതിന് ശേഷമാണ് ആരാണ് കുട്ടികളെന്ന പേരുതന്നെ കേൾക്കുന്നതെന്ന് പ്രിയേഷ് കൂട്ടിച്ചേർത്തു.
അതേസമയം, അധ്യാപകനെ ഫാസില്‍ അപമാനിച്ചെന്ന ആരോപണം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നിഷേധിച്ചു. മഹാരാജാസിൽ എസ്.എഫ്.ഐ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ. പ്രചരിപ്പിക്കപ്പെട്ട വിഡിയോ മാധ്യമങ്ങളില്‍ വന്നതിലും ഉടൻ അധ്യാപകന്‍ പരാതി നല്‍കിയതിലും ശിക്ഷാനടപടി ഉണ്ടായതിലും ഗൂഢാലോചനയുണ്ട്- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.