തിരുവനന്തപുരം: അധ്യാപക ബഹിഷ്കരണത്തിൽ സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ മൂല്യനിർണയ ക്യാമ്പുകളുടെ പ്രവർത്തനം താളംതെറ്റി. 75 ശതമാനത്തോളം അധ്യാപകർ മൂല്യനിർണയത്തിൽനിന്ന് വിട്ടുനിന്നതായാണ് പ്രാഥമിക കണക്കുകൾ. 85 ശതമാനം അധ്യാപകർ മൂല്യനിർണയം ബഹിഷ്കരിച്ചതായാണ് സമരത്തിന് ആഹ്വാനം ചെയ്ത ഫെഡറേഷൻ ഒാഫ് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അവകാശപ്പെടുന്നത്. 50 ശതമാനത്തിൽ അധികം അധ്യാപകർ മൂല്യനിർണയ ക്യാമ്പുകളിൽ എത്തിയില്ലെന്ന് ഹയർസെക്കൻഡറി ഡയറക്ടറേറ്റും സമ്മതിക്കുന്നു. എന്നാൽ, ഒരു ക്യാമ്പ് പോലും പ്രവർത്തിക്കാതിരുന്നിട്ടില്ലെന്ന് ഹയർസെക്കൻഡറി പരീക്ഷാ സെക്രട്ടറി പ്രഫ. ഇമ്പിച്ചിക്കോയ പറഞ്ഞു.
ഹയര്‍സെക്കൻഡറിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ലയിപ്പിക്കുന്നതിനെതിരെയാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ സംയുക്തമായി മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്കരണം പ്രഖ്യാപിച്ചത്. സൂചനസമരമെന്ന നിലയിലാണ് ഏകദിന ക്യാമ്പ് ബഹിഷ്കരണം. ബഹിഷ്കരിക്കുന്ന അധ്യാപകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹയർസെക്കൻഡറി ഡയറക്ടർ പ്രത്യേകം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അധികാരമുപയോഗിച്ചും ഭീഷണിപ്പെടുത്തിയും അധ്യാപകരെ ക്യാമ്പിലെത്തിക്കാന്‍ ഇടതുപക്ഷ സംഘടനകള്‍ ശ്രമിച്ചെങ്കിലും അധ്യാപകർ കൂട്ടത്തോടെ ബഹിഷ്കരിച്ചത് ലയനത്തിലുള്ള എതിർപ്പാണ് വ്യക്തമാക്കുന്നതെന്ന് എഫ്.എച്ച്.എസ്.ടി.എ ഭാരവാഹികൾ പറഞ്ഞു.
ലയന അജണ്ടയുമായി മുന്നോട്ടുപോയാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ബഹിഷ്കരിച്ച അധ്യാപകർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് വി.എസ്. ശിവകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കൻഡറിയെ ഡി.പി.ഐയില്‍ ലയിപ്പിക്കുന്നത് മണ്ടന്‍ തീരുമാനമാണെന്നും യു.ഡി.എഫും കോൺഗ്രസും ഇതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന് ചെയര്മാന് ബി. മോഹന്‍കുമാര്‍ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.