രസിലയുടെ കുടുംബത്തിന് ഇന്‍ഫോസിസ് തുക കൈമാറി

കക്കോടി: പുണെയില്‍ കൊല്ലപ്പെട്ട ഇന്‍ഫോസിസ് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ പയമ്പ്ര സ്വദേശിനി രസില രാജുവിന്‍െറ കുടുംബത്തിന് കമ്പനി വാഗ്ദാനംചെയ്ത തുക കൈമാറി. പുണെയിലെ ലേബര്‍ യൂനിയന്‍ ഓഫിസില്‍ പുണെ മലയാളി ഫെഡറേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥര്‍ രസിലയുടെ ബന്ധുക്കള്‍ക്ക് ഒരു കോടി 20 ലക്ഷത്തിന്‍െറ ചെക്ക് കൈമാറുകയായിരുന്നു. ജോലിസ്ഥലത്തെ സുരക്ഷപ്പിഴവുകള്‍മൂലമാണ് രസില കൊല്ലപ്പെട്ടതെന്ന വിമര്‍ശനമുയരുകയും ബന്ധുക്കളും പുണെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും മരണത്തില്‍ ദുരൂഹതയുള്ളതായി കാണിച്ച് പൊലീസ് അധികൃതര്‍ക്ക് പരാതി  നല്‍കുകയും ചെയ്തിരുന്നു. രസിലയുടെ മരണം വിവാദമായ ഉടന്‍തന്നെ കമ്പനി ഒരു കോടി രൂപ സഹായധനവും കുടുംബത്തിലെ ഒരംഗത്തിന് ജോലിയും വാഗ്ദാനം ചെയ്തിരുന്നു.

രസിലയുടെ സഹോദരന്‍ ലിജിന്‍കുമാറിന് തിരുവനന്തപുരത്തോ എറണാകുളത്തോ ജോലി നല്‍കുമെന്നും ചെക്ക് കൈമാറുന്ന വേളയില്‍ കമ്പനി അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പുനല്‍കി. പുണെ മലയാളി ഫെഡറേഷന്‍ പ്രസിഡന്‍റ് രാജന്‍ നായര്‍, പുണെ മലയാളി സോഷ്യല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ എം.വി. പരമേശ്വര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ബന്ധുക്കള്‍ക്ക് ചെക്ക് കൈമാറിയത്. ജോലിസ്ഥലത്ത് രസില മാനസിക സമ്മര്‍ദങ്ങള്‍ അനുഭവിച്ചിരുന്നെന്നും കൊലപാതകം സംബന്ധിച്ച അന്വേഷണം കുറ്റമറ്റരീതിയില്‍ നടക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ജനുവരി 29ന് ജോലിചെയ്യുന്നതിനിടെ കോണ്‍ഫറന്‍സ് ഹാളില്‍ കമ്പ്യൂട്ടറിന്‍െറ കേബ്ള്‍ കഴുത്തില്‍ മുറുക്കി കൊല്ലപ്പെട്ട നിലയിലാണ് രസിലയുടെ മൃതദേഹം കണ്ടത്തെിയത്. വൈകീട്ട് അഞ്ചോടെയാണ് കൊല്ലപ്പെട്ടതെങ്കിലും രാത്രി 10.30നാണ് ഇന്‍ഫോസിസ് അധികൃതര്‍ പിതാവ് രാജുവിനെ വിവരമറിയിച്ചത്. 

Tags:    
News Summary - Techie murder: Infosys gives over Rs 1 cr compensation to Rasila family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.