തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുന്ന കരട് ബില്ലിൽ സാങ്കേതിക പിഴവുണ്ടെന്ന് കുറിപ്പെഴുതിയ കൃഷി സെക്രട്ടറി ബി. അശോകിന്‍റെ നടപടിയിൽ മന്ത്രിസഭക്ക് അതൃപ്തി. ചാൻസലറെ എന്തുകൊണ്ട് മാറ്റുന്നു, ഇതിന്‍റെ സാഹചര്യം എന്താണ് എന്നിവയൊക്കെ ബില്ലിന്‍റെ ആമുഖത്തിൽ പറയണമെന്നും സാങ്കേതിക പിഴവുണ്ടെന്നും ഒന്നരപ്പേജ് കുറിപ്പിൽ കൃഷി സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു.
ഡോ. അശോകിന്‍റെ നടപടി പരിധിവിട്ടതാണെന്ന് ചില മന്ത്രിമാർ അഭിപ്രായപ്പെട്ടതായാണ് വിവരം. മന്ത്രിസഭയുടെ അതൃപ്തി അശോകിനെ അറിയിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.കാർഷിക സർവകലാശാലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലക്കാണ് കൃഷി സെക്രട്ടറിക്ക് ബിൽ അഭിപ്രായത്തിന് സമർപ്പിച്ചത്. ഉദ്യോഗസ്ഥർ പരിധിവിട്ട് അഭിപ്രായം പറയേണ്ടതില്ലെന്ന് ചില മന്ത്രിമാർ പറഞ്ഞു.
വിഷയത്തിൽ ഒതുങ്ങി അഭിപ്രായം പറയണം. സർക്കാർ നയത്തിന് വിരുദ്ധമാണ് കുറിപ്പെന്നും വിലയിരുത്തൽ വന്നു. സർക്കാറിനെ തിരുത്തുകയും വിമർശിക്കുകയും ചെയ്യുന്നത് പോലുള്ള അഭിപ്രായമാണെന്നും ചിലർ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരും സെക്രട്ടറിമാരുമാണ് കരട് ബില്ലുകളിൽ ഒപ്പിടുന്നത്. വകുപ്പു സെക്രട്ടറിതന്നെ വിമർശനം ഉന്നയിച്ചത് സർക്കാറിനും വിഷമം സൃഷ്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.