പാലക്കയം വില്ലേജിൽ വ്യാജരേഖയുണ്ടാക്കി ഭൂമിക്ക് നികുതി അടക്കാനുള്ള നീക്കം തടഞ്ഞ് തഹസിൽദാർ

കോഴിക്കോട്: പാലക്കാട് പാലക്കയം വില്ലേജിൽ വ്യാജരേഖയുണ്ടാക്കി സർക്കാർ ഭൂമിക്ക് നികുതി അടക്കാനുള്ള നീക്കം തടഞ്ഞ് മണ്ണാർക്കാട് ഭൂരേഖ തഹസിൽദാർ. ഈ സ്ഥലം അപേക്ഷകന്റെ കൈവശത്തിലില്ലാത്തതിനാലും സ്വകാര്യ ഭൂമിയല്ലാത്തതിനാലും ഭൂമിക്ക് അപേക്ഷകന്റെ പേരിൽ പോക്ക് വരവ് ചെയ്യുന്നതിനോ നികുതി സ്വീകരിക്കുന്നതിനോ നിർവാഹമില്ലെന്ന് തഹസിൽദാർ എസ്. ശ്രീജിത് ഉത്തരവിൽ വ്യക്തമാക്കി.

വില്ലേജിലെ സർവേ നമ്പർ 2006 ൽ ഉൾപ്പെട്ട 41 സെന്റ് സ്ഥലം കൈവശത്തിലുണ്ടെന്നും, അച്ഛൻ മരണപ്പെട്ടതിനാൽ നികുതി അടച്ചില്ലെന്നും സ്ഥലത്തിന് നികുതി അടക്കണമെന്നും ആവശ്യപ്പെട്ട് രഘുനാഥും ബാംഗങ്ങളുമാണ് അപേക്ഷ സമർപ്പിച്ചത്. ഇതിൽ നടപടി തുടങ്ങിയപ്പോൾ രഘുനാഥ് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. നാലു മാസത്തിനകം അപേക്ഷയിന്മേൽ നടപടി സ്വീകരിച്ച് തീർച്ച കൽപ്പിക്കണമെന്ന 2023 ഏപ്രിൽ ഒന്നിലെ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഭൂ രേഖകൾ പരിശോധിച്ചത്.

പാലക്കയം വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ മുൻകാലങ്ങളിൽ ഈ വസ്തുവിന് നികുതി ഒടുക്കിയ യാതൊരു രേഖയും അപേക്ഷകൻ ഹാജരാക്കിയിട്ടില്ല. വസ്തുവിന്റെ അതിരുകൾ കാണിച്ചു തരുന്നതിന് അപേക്ഷകന് സാധിച്ചിട്ടില്ലെന്നും വില്ലേജ് ഓഫീസർ 2023 മെയ് നാലിന് റിപ്പോർട്ട് നൽകി.

വില്ലേജ് രേഖകൾ പ്രകാരം സർവേ നമ്പർ 2006 ൽ മൂന്ന് സബ് ഡിവിഷനുകളിലായി 88.36 ഹെക്ടർ വസ്തുവുണ്ട്. ഇതിൽ 76.56 ഹെക്ടർ സർക്കാർ ഭൂമിയാണെന്നും അപേക്ഷകൻ അവകാശപ്പെടുന്ന സ്ഥലം വനഭൂമിയാണോ, സ്വകാര്യ ഭൂമിയാണോ എന്ന് നിർണയിക്കുന്നതിന് താലൂക്ക് സർവേയറുടെ സേവനം ആവശ്യമാണെന്നും വില്ലേജ് ഓഫീസർ അറിയിച്ചു. ഈ വസ്തുവിൽ ഇറിഗേഷൻ വക കെട്ടിടം നിലനിന്നിരുന്നതായി സമീപവാസികളുടെ മൊഴിയും വില്ലേജ് ഓഫീസർ ഹാജരാക്കി.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപേക്ഷകർ അവകാശപ്പെടുന്ന സ്ഥലം പരിശോധിക്കുന്നതിന് താലൂക്ക് സർവേയർക്ക് നിർദേശം നൽകി. ഈ സ്ഥലം സർവേ നമ്പർ 2005 ൽ ഉൾപ്പെടുന്നതാണെന്ന് സർവേയർ റിപ്പോർട്ട് ചെയ്തു. സ്ഥലം സ്വകാര്യ ഭൂമിയാണെന്ന് നിർണയം നടത്തുന്നതിന് അതിരുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നും, ഉദ്ദേശം 50 വർഷത്തിന്മേൽ പ്രായമുള്ള മരങ്ങളുണ്ടെന്നും രേഖപ്പെടുത്തി. പ്രദേശ വാസികൾ ഈ ഭൂമി ഇറിഗേഷൻ വകുപ്പിന്റെ സ്ഥലമാണെന്ന് മൊഴി നൽകി.

പരിശോധനയിൽ 309/1969 നമ്പർ ആധാരത്തിൽ വസ്തു സർവേ ചെയ്തിട്ടില്ലാത്ത ഭൂമിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭവാനി ബേസിൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കത്ത് പ്രകാരം സ്ഥലം നേരിട്ട് പരിശോധിച്ചുവെന്നും പരിസരവാസികളോട് അന്വേഷിച്ചതിൽ ഈ സ്ഥലത്ത് ഒരു സർക്കാർ കെട്ടിടം നിലനിന്നിരുന്നതായി പരിസരവാസികളിൽ നിന്ന് അറിയാൻ കഴിഞ്ഞു എന്നും രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഈ കെട്ടിടത്തിന്റെ ഫോട്ടോ ലഭ്യമാക്കി.

തുടർന്ന് അപേക്ഷകനെ 2023 ജൂലൈ 24ന് നേരിൽ കേട്ടു. 3091/1969 നമ്പർ ആധാരപ്രകാരം തെങ്കര ദേശത്ത് 1.31 ഹെക്ടർ സ്ഥലം ഉണ്ടായിരുന്നുവെന്നും പിതാവ് മരണപ്പെട്ടുവെന്നും മാതാവ് ഉമാദേവി അമ്മ, സഹോദരൻമാരായ വേണുഗോപാൽ, ഹരിഗോവിന്, സഹോദരി ഗീത എന്നിവരാണ് അവകാശികളെന്നും അപേക്ഷകൻ മൊഴി നൽകി. എന്നാൽ, രേഖകൾ പരിശോധിച്ചതിൽ ഈ ഭൂമി നാളിതുവരെയായി നിരാക്ഷേപമായി അപേക്ഷകന്റെ കൈവശത്തിലാണെന്ന് കണ്ടെത്താനായില്ല. സ്ഥലത്തിന് നികുതി അടച്ച യാതൊരു രേഖയും അപേകഷകൻ ഹാജരാക്കിയില്ല. അതിനാലാണ് അപേക്ഷ നിരസിച്ചത്. ഉത്തരവിനെതിരെ ഒറ്റപ്പാലം സബ് കലക്ടർക്ക് അപേകഷകന് അപ്പീൽ നൽകാം. 

Tags:    
News Summary - Tehsildar stopped the move to pay land tax by forging documents in Palakkayam village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.