തെളിമ പദ്ധതി 96 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം-ജി.ആർ. അനിൽ

തിരുവനന്തപുരം: തെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ജി.ആർ. അനിൽ. റേഷൻ കാർഡുകൾ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് 1101211 -ാം നമ്പർ റേഷൻ ഡിപ്പോയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. 96 ലക്ഷം കുടുംബങ്ങൾക്ക് തെളിമ പദ്ധതി പ്രയോജനപ്പെടും. ഉടമയുടെയും അംഗങ്ങളുടെയും പേര്, വയസ്, മേൽവിലാസം കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താം.

സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷകൾ നിക്ഷേപിച്ചാൽ മതി. അപേക്ഷകൾ കൃത്യമായി പരിശോധിച്ചു തെറ്റുകൾ തിരുത്തി കാർഡ് നൽകും. എൽ.പി.ജി, വൈദ്യുതി കണക്ഷൻ വിവരങ്ങൾ കാർഡിൽ ചേർക്കാം. അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാ / എ.എ.വൈ കാർഡുകളെക്കുറിച്ചുള്ള പരാതികളും ഈ രീതിയിൽ നൽകാമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ജനങ്ങളെ പൂർണമായും പൊതു വിതരണ സംവിധാനവുമായി ബന്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഈ സർക്കാരിന്റെ കാലത്ത് അഞ്ച് ലക്ഷം കാർഡുകൾ പുതുതായി നൽകിയിട്ടുണ്ട്. പുതിയ റേഷൻ കാർഡിന് അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ നൽകാനുള്ള കാര്യക്ഷമമായ സംവിധാനം നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഡെപ്യൂട്ടി മേയർ പി.കെ. രാജു അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ കമലേശ്വരം കൗൺസിലർ വിജയകുമാരി, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Telima scheme to benefit 96 lakh families-G.R. Anil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.