താൽക്കാലിക ആശ്വാസം: 5000 കോടി കടമെടുക്കാൻ കേന്ദ്രാനുമതി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയ കേരളത്തിന് താൽക്കാലിക ആശ്വാസം. 5000 കോടി രൂപ വായ്പയെടുക്കാൻ സംസ്ഥാനത്തിന് കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകി. കേന്ദ്ര സർക്കാർ ഉന്നയിച്ച വിവിധ വിഷയങ്ങളിൽ അന്തിമതീരുമാനത്തിന് വിധേയമായിട്ടായിരിക്കും പൊതുവിപണിയിൽ നിന്നുള്ള കടമെടുപ്പ്. ഇതോടെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക അയവുണ്ടാകും.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ ചേർന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിൽ അറിയിച്ചിരുന്നു. കടമെടുക്കാന്‍ കേന്ദ്ര അനുമതിക്കായി മുഖ്യമന്ത്രി പ്രധാനമന്ത്രിതലത്തിൽ ഇടപെടൽ നടത്തണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു.

ധനവകുപ്പിന്‍റെ മറുപടി അടക്കം കേന്ദ്ര ധനമന്ത്രാലയത്തിന് നല്‍കിയ സാഹചര്യത്തില്‍ കേന്ദ്രത്തിന്‍റെ തുടര്‍നീക്കങ്ങള്‍ക്കായി കാത്തിരിക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞത്. കടമെടുപ്പിന് കേന്ദ്രം അനുമതി നല്‍കാത്ത സാഹചര്യമുണ്ടായാല്‍ അവസാനഘട്ടം ഉന്നതതല ഇടപെടല്‍ നടത്താമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് കടമെടുപ്പ് സംബന്ധിച്ച ആവശ്യം കേന്ദ്രം പരിഗണിച്ചത്. കിഫ്ബി അടക്കം ബജറ്റിതര കടമെടുപ്പുകൾ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തണമെന്ന കേന്ദ്ര നിലപാടാണ് പുതിയ സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തിൽ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്.

Tags:    
News Summary - Temporary relief for kerala: Central approves Rs 5,000 crore loan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.