തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹ്മാനെതിരെ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് നടത്തിയ വർഗീയ പരാമർശത്തില്‍ കേസെടുത്തു. ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. വർഗീയ അധിക്ഷേപത്തിൽ കേസെടുക്കണെന്നാവശ്യപ്പെട്ട് ഇന്നലെ ഐ.എൻ.എൽ പരാതി നൽകിയിരുന്നു.
അതിനിടെ, തീവ്രവാദി പരാമർശം പെട്ടെന്നുണ്ടായ വികാര വിക്ഷോഭത്തിൽ സംഭവിച്ച നാക്കുപിഴയാണെന്നും പരാമർശം പിൻവലിക്കുന്നതായും വിശദീകരിച്ച് ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് രംഗത്തെത്തിയിരുന്നു. വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഭാവികമായി തന്നിൽ സൃഷ്ടിച്ച വികാര വിക്ഷോഭമാണ് അദ്ദേഹത്തിനെതിരെ നടത്തിയ പരാമർശം. അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ തീവ്രവാദിയുണ്ട് എന്ന പരാമർശം നിരുപാധികം പിൻവലിക്കുന്നു -ഫാദർ ഡിക്രൂസ് പ്രസ്താവനയിൽ പറഞ്ഞു.
'മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെ'ന്നായിരുന്നു ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിന്റെ വിവാദ പരാമര്‍ശം. 'അബ്ദുറഹ്മാന്റെ പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട്. മത്സ്യത്തൊഴിലാളികളുടെ കാര്യങ്ങള്‍ നോക്കേണ്ട മന്ത്രിയാണദ്ദേഹം. പക്ഷേ ആ വിടുവായനായ അബ്ദുറഹ്മാന്‍ അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തില്‍ നിന്ന് മനസിലാകും. അബ്ദുറഹ്മാന്റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ നിഷ്‌കരുണം അടികൊള്ളേണ്ടി വന്നത്. ഞങ്ങള്‍ രാജ്യദ്രോഹികളായിരുന്നെങ്കില്‍ അബ്ദുറഹ്മാനെ പോലുള്ള ഏഴാം കൂലികള്‍ ഇവിടെ ഭരണം നടത്തില്ലായിരുന്നു' -തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.