കേരളം സമീപകാലത്ത് സാക്ഷ്യംവഹിച്ച ഏറ്റവും വലിയ ഭീകരാക്രമണമാണ് സംസ്ഥാനത്തിന്റെ വാണിജ്യതലസ്ഥാനമായ എറണാകുളത്തിന്റെ ഹൃദയഭാഗത്ത് കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിലുണ്ടായ ബോംബ് സ്ഫോടനം. തികച്ചും കുറ്റമറ്റ രീതിയിൽ ജാഗ്രതയോടെ സംഭവം അന്വേഷിക്കണമെന്നും സാമുദായിക ഭദ്രതക്ക് പോറൽ വരുത്തരുത് എന്നുമായിരുന്നു കേസ് സംബന്ധിച്ച് കേരള സർക്കാറിന്റെയും പൊതുസമൂഹത്തിന്റെയും നിലപാട്. എന്നാൽ, നിരവധി ജീവനുകൾ നഷ്ടപ്പെടുത്തിയ, ഒട്ടനവധി പേർക്ക് ഗുരുതര പരിക്കേൽപിച്ച ഈ ഭീകരകൃത്യം സംഭവിച്ചതറിഞ്ഞ മാത്രയിൽ ഇത്തരമൊരു അവസരത്തിനായി തക്കംപാത്തിരുന്ന സംസ്ഥാനത്തെ വർഗീയ തീവ്രവാദ ഗ്രൂപ്പുകളും അവരുടെ മാധ്യമശിങ്കിടികളും ചേർന്ന് കുറ്റകൃത്യം സംബന്ധിച്ച് ഊഹാപോഹങ്ങളും സിദ്ധാന്തങ്ങളും നിർമിക്കുകയും പരത്തുകയും ചെയ്തുകൊണ്ടിരുന്നു.
ഇത്തരക്കാരെ നിലക്കുനിർത്തി യഥാർഥ കുറ്റവാളിയെ കണ്ടെത്താൻ ചുമതലപ്പെട്ട പൊലീസ് അന്നേരം എന്താണ് ചെയ്തത്? ആലുവക്കടുത്തുനിന്ന് നിസാം, അബ്ദുൽസത്താർ എന്നീ ചെറുപ്പക്കാരെ തണ്ടർബോൾട്ടിന്റെ അകമ്പടിയോടെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, വേറെയും ചില മുസ്ലിം സംഘടനാ പ്രവർത്തകരെ നിരീക്ഷിച്ചും കസ്റ്റഡിയിലെടുത്തും കേസിന് തുമ്പുണ്ടാക്കി വിശിഷ്ട സേവാ മെഡലും താമ്രപത്രങ്ങളും തരപ്പെടുത്താൻ തത്രപ്പെടുന്നതിനിടയിലാണ്
ഭീകരാക്രമണം നടത്തിയ ഡൊമിനിക് മാർട്ടിൻ എന്ന വ്യക്തി ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട് കാര്യങ്ങൾ തുറന്നുപറഞ്ഞ് ഉത്തരവാദിത്തം ഏറ്റെടുക്കുകയും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തത്.
സംഭവം നടന്ന് മണിക്കൂറുകൾക്കകം അക്രമവുമായി ഒരുവിധത്തിലും ബന്ധമില്ലാത്ത ആളുകളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത് ഈ സേനയിലെ ഒരു വിഭാഗത്തിന്റെ മനസ്സിൽ രൂഢമൂലമായ മുസ്ലിം വിരോധം മാത്രമാണ്. ഇവരുടെ മുൻകാല ചരിത്രം പരിശോധിച്ച് മുൻകരുതൽ നടപടി എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഇതു സംബന്ധിച്ച് വിശദീകരിച്ചത്.
എന്താണീ മുൻകാല ചരിത്രം? പൊലീസ് കെട്ടിച്ചമച്ച, സുപ്രീംകോടതിയിൽ പൊളിഞ്ഞടുങ്ങിയ പാനായിക്കുളം ‘സിമി കേസിലെ’പ്രതിപ്പട്ടികയിലുൾപ്പെട്ടിരുന്നു എന്നതാണ് നിസാമിന്റെ ചരിത്രം. രാജ്യത്തെ പരമോന്നത കോടതി കുറ്റമുക്തനാക്കിയ ഒരു പൗരനെതിരെ മുൻവിധി വെച്ച് പുലർത്തുന്ന പൊലീസ് സംഘം നീതിന്യായ വ്യവസ്ഥക്ക് എത്രകണ്ട് വിലകൽപിക്കുന്നെന്ന് വ്യക്തം.
പൊലീസ് കാണിച്ച അരുതായ്മ റിപ്പോർട്ട് ചെയ്തതിന് യുവ മാധ്യമപ്രവർത്തകൻ റിജാസ് എം. ഷീബ സിദ്ദീഖിനെതിരെയും കേസെടുത്തു. ഇതാദ്യമായല്ല നിസാമിനെ ഇത്തരത്തിൽ കുരുക്കാൻ ശ്രമിക്കുന്നത്. നാട്ടിൽ എവിടെ പ്രശ്നങ്ങളുണ്ടായാലും പൊലീസ് വന്ന് വാതിൽ മുട്ടാൻ തുടങ്ങിയതോടെ നാട്ടുകാരും അയൽവാസികൾ പോലും സംശയക്കണ്ണോടെ നോക്കാൻ തുടങ്ങി. ആറിലേറെ വാടകവീടുകൾ ഒഴിഞ്ഞു കൊടുക്കേണ്ടിവന്നു. പാനായിക്കുളം കേസിൽ സുപ്രീംകോടതി വെറുതെവിട്ട മറ്റു യുവാക്കളും പലപ്പോഴും ഇത്തരത്തിൽ വേട്ടയാടപ്പെടുന്നുണ്ട്. പാനായിക്കുളം കേസിന്റെ തിരക്കഥ കെട്ടിച്ചമച്ചതു തന്നെ മുസ്ലിം യുവാക്കളെയും പ്രഫഷനലുകളെയും സംശയനിഴലിൽ നിർത്തുക എന്ന സംഘ്പരിവാർ ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നെന്ന ആരോപണം ശരിവെക്കുന്നതാണ് ഈ സംഭവങ്ങൾ.
2006 ആഗസ്റ്റ് 15ന് പാനായിക്കുളത്തെ ഹാപ്പി ഓഡിറ്റോറിയത്തിൽ ബാനർ കെട്ടി, നോട്ടീസടിച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലൂന്നി നടത്തിയ പൊതുപരിപാടിയെ നിരോധിത വിദ്യാർഥി സംഘടനയുടെ രഹസ്യയോഗമെന്ന് മുദ്രകുത്തി ഭീകരവാദ കേസാക്കി മാറ്റുകയായിരുന്നു പൊലീസ്. രണ്ടുവർഷത്തിനു ശേഷവും ഭീകര ബന്ധം സ്ഥാപിക്കാനാവാതെ വന്നതോടെ കേസന്വേഷണം അവസാനിപ്പിക്കാൻ തുനിയുന്നതിനിടയിൽ ഭീകരവാദ വിരുദ്ധ സ്ക്വാഡിന് (എ.ടി.എസ്)കേസ് കൈമാറി.
അന്വേഷണം ഏറ്റെടുത്ത എസ്. ശശിധരൻ എന്ന പൊലീസുദ്യോഗസ്ഥൻ കള്ളസാക്ഷികളെ ഒരുക്കിയും വ്യാജതെളിവുകൾ സൃഷ്ടിച്ചുമെല്ലാം കേസിന് ടെറർ പരിവേഷം ചാർത്താൻ സകല പണികളും നോക്കി. ശശിധരന്റെ സംഘം പിടികൂടി കേസിൽ പ്രതിചേർത്ത പോളിടെക്നിക് വിദ്യാർഥിക്ക് പരീക്ഷയടുത്ത സാഹചര്യത്തിൽ പൂർണമായും നിയമങ്ങൾ പാലിച്ച് ജാമ്യം നൽകിയതിന്റെ പേരിൽ തനിക്ക് സിമി ബന്ധമുണ്ടെന്ന് റിപ്പോർട്ട് നൽകുകയും സർവിസിൽ നിന്ന് തെറിപ്പിക്കാനും ശ്രമിച്ചതായി അന്നത്തെ പറവൂർ മജിസ്ട്രേറ്റ് എം. താഹ ഈയിടെ തുറന്നു പറഞ്ഞിരുന്നു.
മജിസ്ട്രേറ്റിന്റെ വിശ്വാസ്യതയെക്കുറിച്ച് ഉന്നത ന്യായാധിപർക്കും സഹപ്രവർത്തകർക്കും കൃത്യമായി ബോധ്യമുണ്ടായിരുന്നെങ്കിലും എ.ടി.എസ് നൽകിയ റിപ്പോർട്ടിനെത്തുടർന്ന് താഹയെ രായ്ക്കുരാമാനം സ്ഥലം മാറ്റി അഭ്യന്തര അന്വേഷണം നടത്തി. തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് വ്യക്തമായെങ്കിലും പിന്നീടുള്ള തന്റെ സർവിസ് കാലത്ത് ഈ സംഭവം നെഞ്ചിലെ നീറ്റലായി തുടർന്നുവെന്ന് താഹ പറയുന്നു. നീതിയുക്തം പ്രവർത്തിച്ച ന്യായാധിപന് നേരെ അത്യന്തം ഗുരുതരമായ കള്ള ആരോപണം ചാർത്തിയ പൊലീസേമാനാകട്ടെ, രാഷ്ട്രപതിയുടെ പൊലീസ് മെഡലും നേടിയെടുത്തു.
പാനായിക്കുളം കേസിൽ കുറ്റമുക്തനാക്കപ്പെട്ട റാസിഖ് റഹീം ഇക്കാലത്തെ ഒരു സംഭവം ഫേസ്ബുക്കിൽ രേഖപ്പെടുത്തി. എൻ.ഐ.എ കോടതിയിൽ കേസ് വിചാരണ തുടങ്ങാനിരിക്കെ, പ്രോസിക്യൂട്ടർ മനു (ഈയിടെ സ്ത്രീപീഡത്തിന് പിടിയിലായയാൾ) എഴുന്നേറ്റുനിന്ന് ജഡ്ജിയോട് പറഞ്ഞു: സർ, ഈ കേസന്വേഷിച്ച ഡിവൈ.എസ്.പി ശശിധരനാണ് ഈ വർഷത്തെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ!
പ്രോസിക്യൂട്ടർക്ക് രാഷ്ട്രപതിഭവനിൽ പറഞ്ഞ് ആ മെഡൽ പിൻവലിപ്പിക്കാൻ വല്ല വഴിയുമുണ്ടെങ്കിൽ അതു ചെയ്യ്. ഇയാൾ ഒറ്റയാളാണ് ഈ കേസിനെ നശിപ്പിച്ചതെന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം.
മലപ്പുറം ജില്ല എസ്.പി സ്ഥാനത്തുനിന്ന് കഴിഞ്ഞയാഴ്ച നീക്കപ്പെട്ട എസ്. ശശിധരനെപ്പോലുള്ള ഉദ്യോഗസ്ഥർ ഇടപെട്ട കേസുകളിൽ പുനരന്വേഷണം നടത്തിയാൽ ഇനിയും ഒരുപാട് സത്യങ്ങൾ പുറത്തുവരും.
കാൽ നൂറ്റാണ്ട് മുമ്പ് മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷൻ (എം.എസ്.എഫ്) കാസർകോട് ജില്ല സെക്രട്ടറിയും കാസർകോട് ഗവ. കോളജ് വിദ്യാർഥി യൂനിയൻ ചെയർമാനുമായി പ്രവർത്തിക്കെ പൊലീസിൽ നിന്ന് നേരിട്ട ദുരനുഭവം കരീം കുണിയ ഈയിടെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. എം.എസ്.എഫ് സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിന് അനുമതി തേടി സ്റ്റേഷനിലെത്തിയ ഇദ്ദേഹത്തോട് അന്നത്തെ എസ്.പി ചോദിച്ചത് താൻ മുസ്ലിം തീവ്രവാദിയല്ലേടോ എന്നായിരുന്നു. എന്തെങ്കിലും വിഷയമുണ്ടായാൽ ചവിട്ടിക്കൂട്ടി അകത്തിടുമെന്നും പുറം ലോകം കാണില്ലെന്നും ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥൻ എന്തെങ്കിലുമുണ്ടായാൽ ഇവന്റെ ഉപ്പയെയും ഉമ്മയെയും പൊക്കിയെടുത്ത് അകത്തിടണമെന്നും കീഴുദ്യോഗസ്ഥരോട് കൽപിച്ചിരുന്നു. കേരളത്തിലെ മുൻനിര രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർഥി സംഘടന നേതാവിനോട് ഇത്ര വർഗീയ വൈരാഗ്യ മുൻവിധിയോടെ പെരുമാറിയത് ഏതെങ്കിലും ഉത്തരേന്ത്യൻ ഉദ്യോഗസ്ഥർ ആയിരുന്നില്ല. ഉന്നത ആർ.എസ്.എസ് നേതാക്കളെ ഒന്നിലേറെ തവണ വഴിവിട്ട് സന്ദർശിച്ച കാര്യം നിൽക്കക്കള്ളിയില്ലാതെ സമ്മതിക്കേണ്ടി വന്ന എ.ഡി.ജി.പി സാക്ഷാൽ എം.ആർ. അജിത് കുമാറായിരുന്നു അത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.