കൽപറ്റ: അധികാര വികേന്ദ്രീകരണ പ്രക്രിയ വ്യവസ്ഥാപിതമാക്കുന്നതിനും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമുള്ള തദ്ദേശമിത്രം പദ്ധതിയുടെ തുടർച്ചക്കായി ലോകബാങ്കിൽനിന്ന് രണ്ടാംഘട്ട ഫണ്ട് തേടുമെന്ന് സംസ്ഥാന സർക്കാർ. തദ്ദേശമിത്രം അഥവാ കേരള ലോക്കൽ ഗവൺമെൻറ് സർവിസ് ഡെലിവറി പ്രോജക്ട് (കെ.എൽ.ജി.എസ്.ഡി.പി) ഇൗ വർഷം അവസാനിക്കാനിരിക്കേ, അടിസ്ഥാന വികസനമടക്കമുള്ളവയുടെ തുടർപ്രവർത്തനങ്ങൾക്കായാണ് ലോകബാങ്കിെൻറ സഹായം തേടുന്നത്. കെ.എൽ.ജി.എസ്.ഡി.പിയുടെ പ്രോജക്ട് മാനേജ്മെൻറ് യൂനിറ്റ് തുടർഫണ്ടിെൻറ അനിവാര്യത സൂചിപ്പിച്ച് സർക്കാറിന് കത്തു നൽകിയിട്ടുണ്ട്.
1544 കോടി രൂപയുടെ പദ്ധതിക്ക് 2011-12ലാണ് സംസ്ഥാന സർക്കാർ തുടക്കംകുറിച്ചത്. 978 ഗ്രാമപഞ്ചായത്തുകളും 60 മുനിസിപ്പാലിറ്റികളും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. തദ്ദേശസ്ഥാപനങ്ങളുടെ ഭരണസംവിധാനവും സേവനപ്രദാനവും മെച്ചെപ്പടുത്തുന്നതിനുതകുന്ന രീതിയിലെ ആസ്തികൾ സൃഷ്ടിക്കുന്നതിനും നിലവിലെ ആസ്തികൾ പരിപാലിക്കുന്നതിനുമുള്ള പദ്ധതികൾക്കായാണ് ലോകബാങ്ക് പെർഫോമൻസ് ഗ്രാൻറ് ഉപയോഗിച്ചു വരുന്നത്. കേരളത്തിനൊപ്പം ലോകബാങ്ക് സഹായത്തോടെ പദ്ധതി ആവിഷ്കരിച്ച പശ്ചിമ ബംഗാൾ സർക്കാർ രണ്ടാംഘട്ടത്തിന് ഇതിനകം ഫണ്ട് നേടിക്കഴിഞ്ഞു.
രണ്ടാംഘട്ട ഫണ്ട് തേടി ലോകബാങ്കിനെ സമീപിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി െക.ടി. ജലീൽ പറഞ്ഞു. ‘പദ്ധതി തുടർന്നുകൊണ്ടുപോകാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ട്. രണ്ടാംഘട്ടം അനുവദിക്കാൻ ലോകബാങ്ക് തയാറായാൽ തീർച്ചയായും അതുമായി മുന്നോട്ടുപോകും’ -മന്ത്രി പറഞ്ഞു.
ബഡ്സ് സ്കൂളുകൾ, ബസ്സ്റ്റാൻഡുകൾ, കമ്യൂണിറ്റി ഹാളുകൾ, മാർക്കറ്റുകൾ, മാലിന്യ സംസ്കരണ പദ്ധതികൾ, ഡയാലിസിസ് യൂനിറ്റുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ ഒേട്ടറെ പദ്ധതികൾ ലോകബാങ്ക് പെർഫോമൻസ് ഗ്രാൻറിെൻറ സഹായത്താൽ തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. 1544 കോടിയിൽ 1207 കോടി ഇതിനകം വിനിയോഗിച്ചിട്ടുണ്ടെന്നും ഒക്ടോബറോടെ 100 ശതമാനം ഫണ്ടും ഉപയോഗിക്കാനാവുമെന്നും തദ്ദേശ വകുപ്പ് അധികൃതർ വ്യക്തമാക്കി.
സർക്കാറിന് അനുകൂല മനോഭാവമാണെന്നതിനാൽ പദ്ധതി തുടരാനാവുമെന്നാണ് പ്രതീക്ഷയെന്ന് പ്രോജക്ട് മാനേജ്െമൻറ് യൂനിറ്റ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി.പി. സുകുമാരൻ പറഞ്ഞു. മാലിന്യ സംസ്കരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, ജൈവകൃഷി പ്രോത്സാഹനം തുടങ്ങിയവയിൽ ഒരുപാടു കാര്യങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.