കല്ലടിക്കോട്: തിരക്കേറിയ ദേശീയപാത പാലക്കാട്-കോഴിക്കോട് ഭാഗത്തെ താണാവ് മുതൽ നാട്ടുകൽ വരെയുള്ള 43.72 കിലോമീറ്റർ റോഡ് നവീകരണം മാർച്ചിൽ പൂർത്തിയാക്കാൻ തിരക്കിട്ട നീക്കം. സ്ഥലം ഏറ്റെടുക്കൽ 90 ശതമാനം പൂർത്തിയായി. റോഡ് നിർമാണം അവസാനഘട്ടത്തിലാണ്. 173 കോടി രൂപ ചെലവിൽ രണ്ടുവർഷം മുമ്പ് നവീകരണം ആരംഭിച്ച ദേശീയപാത 966 സ്ഥലം ഏറ്റെടുക്കലിലെ തടസ്സം നീക്കി പ്രവൃത്തി പുനരാരംഭിച്ചപ്പോൾ ലോക്ഡൗൺ വന്നു.
വേഗത്തിൽ പണിനടക്കേണ്ട മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് ലോക്ഡൗൺ വന്നത്. ലോക്ഡൗണിൽ ഇളവനുവദിച്ച് പ്രവൃത്തി തുടങ്ങുമ്പോഴേക്കും അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോയി. ശേഷിച്ച തൊഴിലാളികളാണ് പണിതുടരുന്നത്. കഴിഞ്ഞവർഷത്തെ പ്രളയസമയത്ത് പണിമുടങ്ങി. റോഡിെൻറ വളവ് നിവർത്തൽ, കയറ്റിറക്കങ്ങൾ നിരപ്പാക്കൽ എന്നിവ പൂർത്തിയായി. ടാറിങ് നടക്കുന്നുണ്ട്.
പാലങ്ങളുടേയും അതിനോടുചേർന്ന അപ്രോച്ച് റോഡുകളുടെയും പണിയാണ് പൂർത്തിയാകാനുള്ളത്. ഒലവക്കോട് താണാവ് മുതൽ മണ്ണാർക്കാട് നാട്ടുകൽവരെ 10 പാലങ്ങളുടെ പണി പുരോഗമിക്കുന്നു. രണ്ട് പാലം പുനർനിർമാണം, രണ്ട് പാലം വീതികൂട്ടൽ, കരിമ്പ തുപ്പനാട് പുഴക്കുകുറുകെ പുതിയ മേജർപാലം, അഞ്ച് ചെറുപാലങ്ങൾ എന്നിവയുടെ നിർമാണമാണ് അതിവേഗം പുരോഗമിക്കുന്നത്.
അപ്രോച്ച് റോഡുകളുടെ സ്ഥലമേറ്റെടുപ്പ് 10 ശതമാനമേ ബാക്കിയുള്ളൂ. ഇത് അധികം വൈകാതെ പൂർത്തിയാകും. മഴ ശക്തമായാൽ കനാലുകളിൽ വെള്ളം ഉയരും. പിന്നെ വെള്ളം ഇറങ്ങുംവരെ കാത്തിരിക്കണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറുകാർ. മുഴുവൻ പണിയും പൂർത്തിയാക്കി 2021 മാർച്ചിൽ പൂർണതോതിൽ ഗതാഗതയോഗ്യമാക്കുമെന്ന് ദേശീയപാത പാലക്കാട് ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ എച്ച്. ഷരീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.