ശ​ശി ത​രൂ​ർ എം.​പി​യു​ടെ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​ക്കാ​യി കോ​ൺ​ഗ്ര​സ്​ ജി​ല്ല ക​മ്മി​റ്റി

ത​യാ​റാ​ക്കി​യ പോ​സ്റ്റ​ർ

'തരൂർ കണ്ട ഇന്ത്യ': കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ പോസ്റ്റർ വിവാദത്തിൽ

മലപ്പുറം: കോൺഗ്രസ് നേതാവും എഴുത്തുകാരനുമായ ശശി തരൂർ എം.പിയുടെ പ്രഭാഷണ പരിപാടിക്കായി മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി തയാറാക്കിയ പോസ്റ്ററിനെച്ചൊല്ലി വിവാദം. വ്യാഴാഴ്ച രാവിലെ പത്തിന് മലപ്പുറം വ്യാപാരഭവനിൽ നടക്കുന്ന 'തരൂർ കണ്ട ഇന്ത്യ' പരിപാടിയുടെ പോസ്റ്ററിനെതിരെ എസ്.കെ.എസ്.എസ്.എഫ് നേതാക്കളടക്കമുള്ളവർ രംഗത്തെത്തി.

തീവ്രഹിന്ദുത്വത്തിലേക്ക് സംഘ്പരിവാർ രാജ്യത്തെ കൊണ്ടെത്തിക്കുന്നെന്ന് കോൺഗ്രസുതന്നെ വിമർശിക്കുന്ന സന്ദർഭത്തിൽ 'തരൂർ കണ്ട ഇന്ത്യ'ക്കായി ഹൈന്ദവ ചിഹ്നങ്ങൾ മാത്രം ചേർത്തുള്ള പോസ്റ്റർ ഇറക്കിയതാണ് വിവാദത്തിനിടയാക്കിയത്.മതചിഹ്നങ്ങൾ നല്ലതാണെങ്കിലും അത് ഏകപക്ഷീയമായി പ്രദർശിപ്പിക്കുന്നതിന്‍റെ ചേതോവികാരം മനസ്സിലാകുന്നില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.

ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ കേരളത്തിലടക്കം ബി.ജെ.പി സ്നേഹ സന്ദേശജാഥ തീരുമാനിക്കുമ്പോഴാണ് കോൺഗ്രസ് ഇങ്ങനെ ചെയ്യുന്നത്‌. നാർക്കോട്ടിക് ജിഹാദ് വിവാദം ഉയർന്നപ്പോൾ ന്യൂനപക്ഷ സമുദായങ്ങൾ അകലാതിരിക്കാൻ കെ. സുധാകരന്‍റെയും വി.ഡി. സതീശന്‍റെയും നേതൃത്വത്തിൽ കോൺഗ്രസ് അന്ന് മുന്നിട്ടിറങ്ങിയത് ശ്രദ്ധേയമാണ്.

പക്ഷേ, ഏറെ ആകർഷിച്ചത് തൃശൂർ ഡി.സി.സി പ്രസിഡന്‍റായ ജോസ് വള്ളൂർ പത്രസമ്മേളനം വിളിച്ച് വിവാദ പരാമർശം തള്ളാൻ മുന്നോട്ടുവന്നതായിരുന്നു. എന്നാൽ, മലപ്പുറത്തുനിന്ന് അനക്കമുണ്ടായിരുന്നില്ല. ലൗ ജിഹാദ്, കോടഞ്ചേരി മിശ്രവിവാഹം, മലപ്പുറത്തെ അധ്യാപകന്‍റെ പീഡനത്തിലെ സ്കൂളിന്‍റെ അലംഭാവം ഇവയിലൊന്നും നിലപാടില്ലാത്ത മലപ്പുറം ഡി.സി.സി, ശശി തരൂരിന്‍റെ പോസ്റ്ററിനെ വികൃതമാക്കുന്നത് ലജ്ജാകരമാണെന്നും സത്താർ പന്തല്ലൂർ പോസ്റ്റിൽ പറയുന്നു.

കോൺഗ്രസ് പോലൊരു പാർട്ടി മതചിഹ്നങ്ങളെ മാറ്റിനിർത്തി നെഹ്റുവിയൻ രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോകേണ്ട കാലമെത്തിയ കാര്യം മലപ്പുറം ഡി.സി.സി തിരിച്ചറിയാതെ പോകുന്നത് പ്രശ്നമാണെന്ന് മാധ്യമ പ്രവർത്തകൻ ആബിദ് അടിവാരം ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടു.

സാംസ്കാരിക ഹിന്ദുത്വയെ പുൽകിക്കൊണ്ട് രാഷ്ട്രീയ ഹിന്ദുത്വയെ പരിപോഷിപ്പിക്കുന്ന രാഷ്ട്രീയം അത്ര നിഷ്കളങ്കമല്ലെന്നും അദ്ദേഹം കുറിച്ചു. മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദിനുശേഷം ജില്ലയിൽനിന്നുള്ള മുസ്ലിം കോൺഗ്രസ് നേതാക്കൾക്ക് പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനവും പോസ്റ്റർ വിവാദത്തിന് പിറകിലുണ്ട്.

സംസ്ഥാനത്തും ജില്ലയിലും അടുത്തിടെയുണ്ടായ വിവാദങ്ങളിൽ മുസ്ലിം സമുദായത്തെ അടുപ്പിച്ച് നിർത്തുന്ന തരത്തിലുള്ള സമീപനം ഡി.സി.സി നേതൃത്വത്തിൽ നിന്നുണ്ടാകാതിരുന്നത് ഇതിനാലാണെന്നാണ് ആക്ഷേപം. മന്ത്രി വി. അബ്ദുറഹ്മാൻ, നിലമ്പൂർ എം.എൽ.എ പി.വി. അൻവർ എന്നിവരടക്കം ഒട്ടേറെ നേതാക്കളാണ് കോൺഗ്രസിൽ പരിഗണന ലഭിക്കാത്തതിനെ തുടർന്ന് മറ്റ് ലാവണങ്ങൾ തേടിപ്പോയത്.

മനഃപൂർവമല്ലാത്ത വീഴ്ച - ഡി.സി.സി പ്രസിഡന്‍റ്

മലപ്പുറം: പോസ്റ്റർ വിവാദത്തിൽ സംഭവിച്ചത് മനഃപൂർവമല്ലാത്ത വീഴ്ചയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ്. പരിപാടിക്കായി തയാറാക്കിയ പല പോസ്റ്ററുകളിൽ ഒന്നുമാത്രമാണിത്. ചുമർചിത്രം പോസ്റ്ററിൽ ഉപയോഗിച്ചതാണ് വിവാദത്തിനിടയാക്കിയത്. ആരെയും വേദനിപ്പിക്കാനുദ്ദേശിച്ചിരുന്നില്ല. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതക്രമങ്ങൾക്കെതിരെ സമൂഹത്തെ ഉണർത്താനുദ്ദേശിച്ചുള്ളതാണ് പ്രഭാഷണ പരിപാടിയെന്നും ജോയ് പറഞ്ഞു. 

Tags:    
News Summary - 'Tharoor Kanda India': Controversy over Congress district committee's poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.