കോഴിക്കോട്: വിമർശനങ്ങൾക്ക് ചെവികൊടുക്കാതെ, മലബാർ പര്യടനം പൂർത്തിയാക്കിയ ശശി തരൂർ, തെക്കന്‍- മധ്യ കേരളത്തിലും പര്യടനം നടത്തുന്നു. മലബാറിലേതിനു സമാനമായ രീതിയില്‍ വിവിധ പരിപാടികളില്‍ തരൂര്‍ പങ്കെടുക്കും. നിലവിൽ സംസ്ഥാന രാഷ്ട്രീയത്തിൽ തരൂർ അനുകൂലികളുടെ എണ്ണം
വർധിക്കുന്ന സാഹചര്യത്തിൽ കടന്നാക്രമിക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം തല്‍ക്കാലം വിവാദങ്ങളില്‍ നിന്നും വഴി മാറി നടക്കുകയാണ്. വിലക്കും വിവാദവും വിഭാഗീയ പ്രവര്‍ത്തനമെന്ന ആരോപണവുമൊക്കെ തരൂരിന് ഗുണം ചെയ്തുവെന്നാണ് ഒപ്പമുള്ളവരുടെ വിലയിരുത്തല്‍. വിമര്‍ശകരോട് താന്‍ എന്ത് വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്ന് വിശദീകരിക്കാന്‍ തരൂര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും ഈ കാരണത്താലാണ്.
സംഘപരിവാറിനെതിരായ സെമിനാറിലടക്കം താന്‍ പങ്കെടുക്കുന്നത് എന്ത് വിഭാഗീയ പ്രവര്‍ത്തനമാണെന്ന ചോദ്യം ഉയര്‍ത്തി എല്ലാ ആക്ഷേപങ്ങളേയും പ്രതിരോധിക്കാനും തരൂരിനാവുന്നു. കൃത്യമായി വിമർശകരുടെ നാവടിപ്പിക്കുന്ന മറുപടിയാണ് തരൂർ നൽകുന്നത്. എന്‍.എസ്.എസ് ആസ്ഥാനത്തെ പരിപാടിയില്‍ കൂടി തരൂര്‍ പങ്കെടുക്കുന്നതോടെ ചിത്രം കൂടുതല്‍ വ്യക്തമാകുമെന്നും തരൂർ അനുകൂലികളുടെ പ്രതീക്ഷ. പാല,കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ കാണാനുള്ള തരൂരിന്‍റെ നീക്കവും കൃത്യമായ കണക്ക് കൂട്ടലോടെയാണ്. തിരുവനന്തപുരത്തെ പാര്‍ട്ടി സമരങ്ങളില്‍ സജീവമല്ലെന്ന വിമര്‍ശനങ്ങളെ മറികടക്കാനുള്ള നീക്കം തരൂരിന്റെ വരും ദിനങ്ങളിലെ പ്രവൃത്തിയിൽ കാണാമെന്നാണറിയുന്നത്. മറുഭാഗത്ത് തരൂര്‍ നടത്തുന്നത് വിഭാഗീയ പ്രവര്‍ത്തനമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ കെ.സുധാകരനും സതീശനും ഇനി കൂടുതല്‍ പ്രതികരണത്തിലേക്കില്ലെന്ന നിലപാടിലാണുള്ളത്. ഇന്നലെ തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്ന് ഇരുവരും ഒഴിഞ്ഞു മാറിയത് ഇതിന്റെ സൂചനയാണ്.
വിവാദത്തില്‍ ദേശീയ നേതൃത്വത്തിന്‍റെ ഇടപെടലും ഇവര്‍ പ്രതീക്ഷിക്കുന്നു. എ ഗ്രൂപ്പിന്‍റെ തന്ത്രപരമായ മൗനവും കെ. മുരളീധരടനക്കമുള്ളവരുടെ പരസ്യ നിലപാടും തരൂർ വിരുദ്ധർക്കുള്ള തിരിച്ചടിയാണ്. ഇതിനിടെ, തരൂർ വിഷയത്തിലുള്ള ചർച്ചകൾക്ക് ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തും. കഴിഞ്ഞ ദിവസം താരിഖ് അൻവർ തരൂരിനെതിരായ വിമർശനത്തെ തള്ളിയിരുന്നു. തരൂർ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നയാളാണെന്നും പാർട്ടിവിരുദ്ധമായല്ലെന്നും നീക്കമെന്നുമാണ് താരിഖ് അൻവർ മാധ്യമങ്ങളോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.