കോഴിക്കോട്: 1996ലെ ആദിവാസി ഭൂനിയമ ഭേദഗതി ബിൽ ആദിവാസികളുടെ നന്മക്കായിരുന്നുവെന്നും നല്ല ഉദ്ദേശ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും സി.പി.ഐ നേതാവും അക്കാലത്തെ റവന്യൂ മന്ത്രിയുമായ കെ.ഇ. ഇസ്മായിൽ. മാധ്യമം ആഴ്ചപ്പതിപ്പിലൂടെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ എ.കെ. ബാലൻ നടത്തിയ തുറന്നുപറച്ചിലിനെതിരെയാണ് ഇസ്മായിലിന്റെ മറുപടി. ഇതോടെ ആദിവാസി ഭൂനിയമ ഭേദഗതിയെ ചൊല്ലി ഇടതുപക്ഷത്ത് വിവാദം ശക്തമാകുകയാണ്.
‘‘അടിയന്തരാവസ്ഥ കാലത്താണ് 1975ലെ കേരള പട്ടികവർഗ (ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കലും) നിയമം പാസാക്കിയത്. അത് കേന്ദ്രസർക്കാറിന്റെ പ്രത്യേക നിർദേശം അനുസരിച്ചാണ് തയാറാക്കിയതും പാസാക്കിയതും. ആ നിയമം ഭരണഘടനാപരമായി ശരിയായിരുന്നു. നിയമം പാസാക്കിയെങ്കിലും അത് നടപ്പാക്കാനുള്ള ചട്ടമുണ്ടാക്കുന്നത് സംബന്ധിച്ച് ചർച്ച ഒന്നും സർക്കാർതലത്തിൽ നടന്നിരുന്നില്ല’’ -ഇസ്മായിൽ പറയുന്നു.
‘‘ഹൈകോടതി അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചുപിടിക്കണമെന്ന് ഉത്തരവിട്ടത് 1996ലെ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്തല്ല. മുൻ സർക്കാറിന്റെ കാലത്താണ്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻവേണ്ടി പലയിടത്തും റവന്യൂവകുപ്പ് നടപടിതുടങ്ങി. ഭൂമി കൈവശം വെച്ചിരിക്കുന്നവരിൽനിന്ന് വലിയ എതിർപ്പുണ്ടായപ്പോഴാണ് പ്രശ്നം സങ്കീർണമാണെന്ന് സർക്കാർ തിരിച്ചറിഞ്ഞത്.
അട്ടപ്പാടിയിൽ സർക്കാർ സ്കൂളുകളും സ്വകാര്യ സ്കൂളുകളും പള്ളികളും ഒക്കെ നിർമിച്ചിരിക്കുന്നത് പലയിടത്തും ആദിവാസി ഭൂമിയിലാണ്. അതൊക്കെ തിരിച്ചെടുക്കണം എന്നുപറഞ്ഞാൽ വലിയ പ്രശ്നമുണ്ടാവും. അതിനാലാണ് 1975ലെ നിയമം ഭേദഗതി വരുത്തണമെന്ന് തീരുമാനിച്ചത്’’-ഇസ്മായിൽ നിലപാടുകൾ വിശദീകരിക്കുന്നു.
തിങ്കളാഴ്ച പുറത്തിറങ്ങുന്ന മാധ്യമം ആഴ്ചപ്പതിപ്പിൽ ആർ. സുനിൽ നടത്തിയ അഭിമുഖത്തിലാണ് ഇസ്മായിൽ തന്റെ ഭാഗം വ്യക്തമാക്കുന്നത്. 1996ലെ നിയമഭേദഗതിയോട് യോജിപ്പുണ്ടായിരുന്നില്ലെന്നും അന്ന് കെ.ആർ. ഗൗരിയമ്മയായിരുന്നു ശരിയെന്നും മാധ്യമം ആഴ്ചപ്പതിപ്പിന്റെ 1313, 1314 ലക്കങ്ങളിലാണ് എ.കെ. ബാലൻ തുറന്നുപറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.