ഗുണ്ടകളുടെയും ലഹരി വിൽപനക്കാരുടെയും താവളങ്ങളാകുന്നു; തിരുവനന്തപുരത്ത് തട്ടുകടകളുടെ പ്രവർത്തനത്തിന് നിയന്ത്രണം

തിരുവനന്തപുരം: നഗരത്തിൽ രാത്രികാല തട്ടുകടകൾക്ക് രാത്രി 11 വരെ മാത്രം പ്രവർത്തനാനുമതി നൽകാൻ തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ ഇത് താമസിയാതെ നടപ്പിലാക്കും. തട്ടുകടകളുടെ പ്രവർത്തനക്രമം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഡെപ്യൂട്ടി സിറ്റി പോലീസ് കമ്മിഷണർ നേരത്തേ സർക്കുലർ ഇറക്കിയിരുന്നു. രാത്രി വൈകി തുറക്കുന്ന കടകളുടെ പരിസരം ഗുണ്ടകളുടെയും ലഹരി വിൽപനക്കാരുടെയും താവളങ്ങളാകുന്നുവെന്ന പൊലീസ് റിപ്പോർട്ടാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

തട്ടുകടകൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളെ വിവിധ സോണുകളുടെ കീഴിലാക്കും. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും എസ്.എച്ച്.ഒമാരുടെ കീഴിലായിരിക്കും നിയന്ത്രണം. അംഗീകൃത കടകൾക്ക് നഗരസഭ ലൈസൻസ് നൽകും. അനധികൃത തട്ടുകടകളുടെ പ്രവർത്തനം നിയന്ത്രിക്കുകയാണ് പ്രധാന ലക്ഷ്യം. വൈകീട്ട് ഏഴുമുതൽ രാത്രി 11 വരെയാണ് അനുവദിച്ചിട്ടുള്ള സമയം. വാഹനങ്ങളിലോ ഉന്തുവണ്ടിയിലോ ഉള്ള കടകൾ മതിയെന്നാണ് നിർദേശം. റോഡരികിൽ ഒരുക്കുന്ന സ്ഥിരം സംവിധാനങ്ങൾ പൊളിച്ചുമാറ്റണം. കോർപ്പറേഷനാണ് ചുമതല. നിർദേശങ്ങൾ പാലിക്കാത്ത തട്ടുകടകൾ പൊളിച്ചു മാറ്റാൻ നോട്ടീസ് നൽകിത്തുടങ്ങി.

നിലവിൽ പ്രവർത്തിച്ചു വരുന്നവർക്ക് തിരിച്ചറിയൽ കാർഡുകളാണ് നൽകിയിരിക്കുന്നത്. ഇത് താമസിയാതെ നിർത്തലാക്കും. പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ഏകോപിക്കുന്നതിനായി പൊലീസ്, മോട്ടർവാഹന വകുപ്പ്, നഗരസഭ, പിഡബ്ല്യുഡി എന്നിവയുടെ പ്രതിനിധികളടങ്ങിയ കോ- ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് കമ്മീഷണർ ഉത്തരവ് ഇറക്കി.

സോണുകൾ നിലവിൽ വന്നാൽ ലൈസൻസ് ഉള്ളവർക്ക് അതതു സോണുകളിൽ മാത്രമേ കട നടത്താൻ കഴിയൂ. ശംഖുമുഖം, വേളി, കോവളം, പൂജപ്പുര, കവടിയാർ എന്നിവയാണ് പുതിയ സോണുകളായി കണ്ടെത്തിയിരിക്കുന്നത്. തട്ടുകടകൾ ആരംഭിക്കുന്നതിനായി നിലവിൽ 3000 ത്തിലേറെ അപേക്ഷകൾ നഗരസഭയ്ക്കു മുന്നിലുണ്ട്. 

Tags:    
News Summary - Thattukadas in Thiruvananthapuram city only till 11 pm street food shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.