ആലപ്പുഴ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന മോഷണക്കേസ് പ്രതി പൊലീസുകാരെ വെട്ടിച്ച് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ശൗചാലയത്തിലെ ജനൽകമ്പി ഇളക്കിമാറ്റി കടന്നുകളഞ്ഞു. നെടുമുടി പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതി തിരുവല്ല നെടുമ്പ്രം കണ്ണാറച്ചിറ വിഷ്ണു ഉല്ലാസാണ് (27) രക്ഷപ്പെട്ടത്. ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനായി പ്രത്യേകസംഘത്തെയും നിയോഗിച്ചു.
വ്യാഴാഴ്ച രാത്രി 10ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കൊച്ചുവേളി എക്സ്പ്രസിൽ വെള്ളിയാഴ്ച രാവിലെ രാമങ്കരി കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് ആലപ്പുഴക്ക് കൊണ്ടുവരുന്നതിടെയാണ് നാടകീയ സംഭവം. സുരക്ഷക്ക് രണ്ടു പൊലീസുകാരും ഒപ്പമുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിലിറങ്ങിയതിന് പിന്നാലെ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട് വിലങ്ങ് അഴിപ്പിച്ചു.
ശുചിമുറിയുടെ പുറത്ത് കാവൽനിന്ന പൊലീസുകാരെ വെട്ടിച്ചാണ് പ്രതി കടന്നുകളഞ്ഞത്. ഏറെനേരമായിട്ടും പുറത്തുവന്നില്ല. തുടർന്ന് കതക് ബലമായി തുറന്നപ്പോഴാണ് ജനൽ കമ്പി ഇളക്കി മാറ്റി രക്ഷപ്പെട്ടത് തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച രാത്രി ആലപ്പുഴ സബ് ജയിലിൽ പാർപ്പിച്ചശേഷം രാമങ്കരി കോടതിയിൽ ഹാജരാക്കാനായിരുന്നു തീരുമാനം. നിരവധി കേസിൽ പ്രതിയായ വിഷ്ണു നേരത്തേയും സമാനരീതിയിൽ രക്ഷപ്പെട്ടിരുന്നു.
ജനുവരി 26ന് മാവേലിക്കരയിൽ ജയിലിൽനിന്ന് മതിൽചാടിയിരുന്നു. മറ്റൊരു കേസിൽ കായംകുളത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴും പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു. സംഭവത്തിൽ പ്രതിയെ കൊണ്ടുവന്ന പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും.
ബുദ്ധിമാനും തന്ത്രശാലിയുമായ പ്രതി രണ്ട് തവണ ജയിൽചാടിയിട്ടുണ്ട്. എന്നിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായെന്നാണ് വിലയിരുത്തൽ. പ്രതിയുടെ ഒരുകൈയിലെ വിലങ്ങ് ഇപ്പോഴുമുണ്ട്. ഇത് പിടികൂടാൻ സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. റെയിൽവേ സ്റ്റേഷനിലെ സ്തീകളുടെ ശൗചായത്തിൽനിന്ന് രക്ഷപ്പെട്ടതെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.