അടിമാലി: നാലുകിലോ കഞ്ചാവുമായി പിടിയിലായ അന്തർ സംസ്ഥാനക്കാരനായ പ്രതി മയക്കുമരുന്ന് വിരുദ്ധവിഭാഗം ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്നുകളഞ്ഞു. പ്രതിക്കായി എക്സൈസും പൊലീസും അന്വേഷണം ആരംഭിച്ചു. സംഭവത്തെപ്പറ്റി എക്സൈസ് ജോയന്റ് കമീഷണറുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണവും തുടങ്ങി. ശനിയാഴ്ച പുലർച്ചയാണ് ഒഡിഷ സ്വദേശിയായ വിജയ് ഗമാൽ അടിമാലി കാംകോ ജങ്ഷന് സമീപത്തെ നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസിൽനിന്ന് കടന്നത്. അടിമാലി സ്കൂൾ പരിസരത്തുനിന്നാണ് ഇയാൾ പിടിയിലായത്. സെല്ല് ഇല്ലാത്ത ഓഫിസായതിനാൽ ജീവനക്കാരുടെ വിശ്രമ മുറിയിലാണ് പ്രതിയെ പാർപ്പിച്ചത്. ശനിയാഴ്ച പുലർച്ച പ്രതി ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പുറത്തിറക്കിയപ്പോൾ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടക്കുകയായിരുന്നുവെന്നാണ് വിശദീകരണം. സംഭവം നടക്കുമ്പോൾ രണ്ട് ജീവനക്കാരാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.
ശനിയാഴ്ച രാവിലെ മുതൽ ജില്ലയുടെ വിവിധ ഓഫിസുകളിൽനിന്ന് കൂടുതൽ ഉദ്യോഗസ്ഥരെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ശനിയാഴ്ച ഉച്ചയോടെ സംഭവം സംബന്ധിച്ച് അടിമാലി നാർക്കോട്ടിക് സി.ഐ അടിമാലി പൊലീസിൽ പരാതി നൽകി. ഉച്ചയോടെ എക്സൈസ് ജോയന്റ് കമീഷണർ സുരേഷ് വർഗീസ് അടിമാലിയിൽ എത്തി വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഓഫിസിൽ സെല്ല് ഇല്ലാത്തതിനാൽ പ്രതികളെ സുരക്ഷിതമായി പാർപ്പിക്കാൻ സംവിധാനമില്ലെന്നും ഇത് പ്രതി കടക്കാൻ ഒരു കാരണമാണെന്നും ജോയന്റ് കമീഷണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.