ഇതര ഇടത് വിദ്യാർഥി സംഘടനകളെ കാമ്പസുകളിൽനിന്ന് തുരത്തി എസ്.എഫ്.ഐ എന്തുനേടിയെന്ന് എ.ഐ.എസ്.എഫ്

ആലപ്പുഴ: ഇതര ഇടത് വിദ്യാർഥി സംഘടനകളെ കാമ്പസുകളിൽനിന്ന് തുരത്തി എസ്.എഫ്.ഐ എന്തുനേടിയെന്ന് ആലോചിക്കണമെന്ന് എ.ഐ.എസ്.എഫ് സംഘടന റിപ്പോർട്ട്. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് എസ്.എഫ്.ഐക്ക് രൂക്ഷ വിമർശം.

സംസ്ഥാനത്തെ മിക്ക കോളജുകളിലും ധാർഷ്ട്യത്തോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ പെരുമാറുന്നത്. ബദ്ധശത്രുക്കളോടെന്ന പോലെ, ഇടതു വിദ്യാർഥി സംഘടനയെന്നതുപോലും മാറ്റിവെച്ചാണ് ആക്രമണം അഴിച്ചുവിടുന്നത്. കോട്ടയത്ത് സെനറ്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാന ജോ. സെക്രട്ടറി നിമിഷ രാജുവിനെതിരെ മര്യാദകൾ ലംഘിച്ച് കടന്നാക്രമണം നടത്തുകയായിരുന്നു.

രാജ്യത്താകെ എ.ഐ.എസ്.എഫിനെ തുരത്താനാണ് എസ്.എഫ്.ഐ തിടുക്കം കാട്ടുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും പ്രധാന സർവകലാശാലകളിലും അപ്രമാദിത്വമുണ്ടായിരുന്ന എസ്.എഫ്.ഐ തിരിഞ്ഞുനോക്കുന്നത് നന്നാകുമെന്നും ഇവിടങ്ങളിലൊക്കെ എ.ഐ.എസ്.എഫിനെ തുരത്തിയപ്പോൾ കടന്നുവന്നത് ആരാണെന്ന് കണക്കെടുക്കുന്നത് നല്ലതാണെന്നും റിപ്പോർട്ട് ഓർമിപ്പിക്കുന്നു.

ഏക വിദ്യാർഥി സംഘടന എന്ന വാദത്തെയും തള്ളിക്കളയുന്നു സംഘടന റിപ്പോർട്ട്. ഏതെങ്കിലും ഒരു വിദ്യാർഥി സംഘടനക്ക് വേരോട്ടമുള്ളിടത്ത് മറ്റ് സംഘടനകളെ അനുവദിക്കില്ലെന്ന സമീപനം ഫാഷിസമാണ്. ആശയപരമായി ന്യായീകരിക്കാൻ കഴിയാത്തതും സ്വേച്ഛാധിപത്യവുമാണിതെന്നും ഇതിനെതിരെ പോരാട്ടം കടുപ്പിക്കണമെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ഒഴുക്കിനെതിരെ നീന്താൻ ആഹ്വാനം ചെയ്താണ് റിപ്പോർട്ട് അവസാനിക്കുന്നത്. സമ്മേളന ഉദ്ഘാടന ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഏക വിദ്യാർഥി സംഘടന വാദത്തെ വിമർശിച്ചിരുന്നു.

മോദി ഭരണത്തിൽ യുക്തിചിന്ത അസ്തമിച്ചു -കാനം

മോദി ഭരണത്തിൽ വിദ്യാഭ്യാസ രംഗത്തെ യുക്തിചിന്തയും ശാസ്ത്രബോധവും അസ്തമിച്ചെന്നും ആശയ സംവാദത്തിന്റെ വേദികളായിരുന്ന സർവകലാശാലകളെ ഹിന്ദുത്വവാദം അടിച്ചേൽപ്പിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റുകയാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

ആഗോളവത്കരണ കാലത്ത് ക്ഷേമരാഷ്‌ട്ര സങ്കൽപം മാറ്റിവെച്ച് കേന്ദ്ര സർക്കാർ മതരാഷ്‌ട്ര സങ്കൽപമാണ് പിന്തുടരുന്നത്. പാർലമെന്റും നിയമസഭയും ഇനി എത്രനാൾ തുടരുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കാനം പറഞ്ഞു. എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ ടി.ജെ. ആഞ്ചലോസ് സ്വാഗതം പറഞ്ഞു.

സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്‌മായിൽ, മന്ത്രിമാരായ കെ.രാജൻ, ജി.ആർ. അനിൽ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, സെക്രട്ടറി ടി.ടി. ജിസ്‌മോൻ, എൻ. ശ്രീകുമാർ, ഡോ. സി. ഉദയകല, പി.വി. സത്യനേശൻ, ജി. കൃഷ്ണപ്രസാദ്‌ തുടങ്ങിയവർ സംസാരിച്ചു. നാദിറ ബഹ്റിൻ രക്തസാക്ഷി പ്രമേയവും ആർ.എസ്. രാഹുൽരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജെ. അരുൺബാബു റിപ്പോർട്ട് അവതരിപ്പിച്ചു.

അസ്‌ലം ഷാ നന്ദി പറഞ്ഞു. പി. കബീർ, ബിബിൻ എബ്രഹാം, സി.കെ. ബിജിത്ത് ലാൽ, അമൽ അശോകൻ, പ്രിജി ശശിധരൻ, ചിന്നു ചന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.

Tags:    
News Summary - The AISF asked what the SFI had achieved by expelling other left-wing student organizations from campuses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.