പന്തളം: ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചു നവീകരിക്കുമെന്നു പ്രഖ്യാപിച്ച റോഡിന്റെ പണി എങ്ങുമെത്തിയില്ല. ‘ഒരു ടെക്നോളജിയും വേണ്ട സാറേ, ഈ റോഡ് ഒന്ന് പൂർത്തിയാക്കിയാൽ മതിയായിരുന്നു’.
ആനയടി-കൂടൽ റോഡിനെ ആശ്രയിക്കുന്ന നാട്ടുകാരുടെ വിലാപമാണ് ഇത്. ജർമൻ ടെക്നോളജിയിൽ നിർമിക്കുമെന്ന പ്രഖ്യാപനവുമായി ഒരുവർഷം മുമ്പ് നിർമാണം തുടങ്ങിയ റോഡാണിത് എങ്ങുമെത്താതെ കിടക്കുന്നത്.
കോൺക്രീറ്റ് മിശ്രിതമായ ആൽപേവ് മിക്സ് ചെയ്തു ടാർ ചെയ്യുന്ന രീതിയാണിത്. നിലവിലുള്ള റോഡ് ഇളക്കി മെഷീനിലൂടെ അരച്ചുകലക്കിയ ശേഷം ആൽപേവ് മിശ്രിതം ഇട്ട് വീണ്ടും അതേ സ്ഥാനത്തുതന്നെ ഉറപ്പിക്കും.
ഏഴു ദിവസത്തിനകം ടാറിങ് നടത്തുന്നതോടെ റോഡ് ടാറിങ് പൂർത്തിയാകും. ഇതാണ് എഫ്.ഡി.ആർ എന്ന പേരിൽ അറിയപ്പെടുന്ന ജർമൻ ടെക്നോളജി. ആനയടി-കൂടൽ റോഡിൽ ആൽപേവ് മിശ്രിതം ഇട്ട് മാസങ്ങൾക്കു ശേഷമാണ് ടാറിങ് തുടങ്ങിയത്. കനത്ത മഴയിൽ മിശ്രിതം ഒലിച്ചുപോകുകയും റോഡ് നിറയെ ചളിയായി കുഴികൾ രൂപപ്പെട്ടത് വൻ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരിന്നു.
പ്രതിഷേധത്തിനൊടുവിലാണ് ടാറിങ് തുടങ്ങിയത്. ഇതും മാസങ്ങൾ പിന്നിട്ടിട്ടും പൂർത്തിയായില്ല. റോഡ് നിർമാണത്തിന്റെ തുടക്കത്തിൽതന്നെ കലുങ്കുകൾക്കും മറ്റുമായി കുഴിച്ച കുഴികൾ അതേപോലെ തുടരുന്നു.
ചില കലുങ്കുകളുടെ ഭാഗത്ത് നിർമാണം നടക്കുന്നുണ്ട്, ബാക്കി നിലച്ചമട്ടാണ്. ഇപ്പോൾ സാധാരണ ടാറിങ് രീതിയിൽ തന്നെയാണ് നിർമാണം നടക്കുന്നതും. ഏങ്ങനെയെങ്കിലും ടാറിങ് പൂർത്തിയാക്കിയാൽ മതിയെന്ന നിലപാടിലാണ് നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.