കെ റെയിൽ വിരുദ്ധസമിതി പ്രതിരോധ സംഗമം നടത്തി

ആലുവ : വിനാശകരമായ കെ റെയിൽ സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമര സംഗമവും നടത്തി. ഡോ. എം.പി മത്തായി ഉദ്ഘാടനം ചെയ്തു. സിൽവർലൈൻ പദ്ധതി മാത്രമല്ല കെ റെയിൽ കമ്പനി തന്നെ സാമൂഹ്യവിരുദ്ധമാണ് എന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തെ തച്ചു തകർക്കുന്ന വിധത്തിൽ പദ്ധതി തയ്യാറാക്കാൻ ഒരു വിധ്വംസക സംഘത്തിന് മാത്രമേ കഴിയുകയുള്ളൂ. നിഗൂഡവും അസാന്മാർഗികവുമായ ഇടപെടലുകളിലൂടെയാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത്. കെ റെയിൽ കമ്പനിയുടെ നിലനിൽപ്പ് കേരളത്തെ തന്നെ അപകടത്തിലാക്കും എന്നും അദ്ദേഹം പറഞ്ഞു.

സമരസമിതി ചെയർമാൻ എം.പി ബാബുരാജ് അധ്യക്ഷത വഹിച്ചു. ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. കടം വാങ്ങി മുടിഞ്ഞിരിക്കുന്ന ഒരു സർക്കാർ വീണ്ടും കടം വാങ്ങി ഒരു ആർഭാട പദ്ധതി നടപ്പിലാക്കുന്നത് അനുവദിക്കാനാകില്ല.316 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് മൂലമ്പിള്ളിയിൽ പുനരധിവാസം കൃത്യമായി നടപ്പിലാക്കാൻ സാധിക്കാത്ത സർക്കാർ സിൽവർ ലൈനിന്റെ പേരിൽ പതിനായിരങ്ങളെ കുടിയിറക്കുന്നത് കയ്യുംകെട്ടി നോക്കിയിരിക്കാനാകില്ല. ഇതിനെതിരെ എന്ത് വില കൊടുത്തും പോരാടും എന്നും അദ്ദേഹം പറഞ്ഞു.

ജനറൽ കൺവീനർ എസ് രാജീവൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിതാ നൗഷാദ്, പ്രൊഫ.കുസുമം ജോസഫ്, സമരസമിതി സംസ്ഥാന രക്ഷാധികാരികളായ കെ ശൈവപ്രസാദ്, എം.ടിതോമസ്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തുറ, മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എം.കെ.എ ലത്തീഫ്, കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി, എസ് യു സി ഐ ജില്ലാ സെക്രട്ടറി എൻ.ആർ മോഹൻ കുമാർ, കോൺഗ്രസ് (ഐ) ആലുവ ബ്ലോക്ക് പ്രസിഡന്റ് പി എ മുജീബ്, കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം കരിം കല്ലുങ്കൽ, സമരസമിതി സംസ്ഥാന കമ്മിറ്റി അംഗം ശരണ്യാരാജ് തുടങ്ങിയവർ സംസാരിച്ചു.

പരിസ്ഥിതി പ്രവർത്തകൻ ചന്ദ്രാംഗദൻ മാടായി സമര മുന്നേറ്റ ജ്വാല തെളിയിച്ചു. കോഴിക്കോട് കാട്ടിലപീടികയിലെയും കോട്ടയം മാടപള്ളിയിലെയും അനിശ്ചിതകാല സമരപ്പന്തലുകൾക്ക് നേതൃത്വം നൽകുന്ന വനിതാ പോരാളികൾ റോസ്‌ലിൻ ഫിലിപ്പ്, ശ്രീജ കണ്ടിയിൽ എന്നിവർ ചേർന്ന് ജ്വാല ഏറ്റുവാങ്ങി.

ആലുവ റെയിൽവേ സ്റ്റേഷനു മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ, സമരസമിതി സംസ്ഥാന കമ്മിറ്റി അംഗം മിനി കെ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ബാബു കുട്ടൻചിറ (കോട്ടയം), വിനു കുര്യാക്കോസ് (എറണാകുളം), ശിവദാസ് മഠത്തിൽ (തൃശ്ശൂർ), അബൂബക്കർ ചെങ്ങാട് (മലപ്പുറം), മുരുകേഷ് നടക്കൽ (പത്തനംതിട്ട), രാമചന്ദ്രൻ വരപ്രത്ത് (കോഴിക്കോട്), എ.ഷൈജു (തിരുവനന്തപുരം), ബി രാമചന്ദ്രൻ (കൊല്ലം), ഫിലിപ്പ് വർഗീസ് (ആലപ്പുഴ), ടി.സി രാമചന്ദ്രൻ, നിജിൻ ചോറോട്, കെ പി സാൽവിൻ, സി കെ ശിവദാസൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - The anti-K rail committee held a defense rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.