തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമന നടപടി മരവിപ്പിച്ച ഗവർണറുടെ നടപടിയിൽ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. പ്രിയ വർഗീസിന്റെ നിയമനം നടത്തിയത് സംസ്ഥാന സർക്കാരല്ലെന്ന് ആർ. ബിന്ദു പ്രതികരിച്ചു. നിയമനം നടത്തുന്നത് സർവകലാശാലയാണ്. നിയമന കാര്യത്തിൽ മറുപടി പറയേണ്ടത് കണ്ണൂർ വി.സിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂർ യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസറായി പ്രിയ വർഗീസിനെ നിയമിക്കാനുള്ള നടപടിയാണ് ഗവർണർ മരവിപ്പിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉത്തരവ്. ഇക്കാര്യം കണ്ണൂർ യൂനിവേഴ്സിറ്റി വി.സിയെയും ഗവർണർ അറിയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ടവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാനും ഗവർണറുടെ ഉത്തരവിൽ പറയുന്നു. യു.ജി.സി ചട്ടപ്രകാരം യോഗ്യതയില്ലാതെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യക്ക് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ നിയമനത്തിന് ഒന്നാം റാങ്ക് നൽകിയെന്ന പരാതിയിൽ ചാൻസലറായ ഗവർണർ വൈസ് ചാൻസലറിൽ നിന്ന് അടിയന്തര വിശദീകരണം തേടിയിരുന്നു.
തൃശൂർ കേരളവർമ കോളജിൽ അധ്യാപികയായ ഡോ. പ്രിയ വർഗീസിന്, കഴിഞ്ഞ നവംബറിൽ വി.സി ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടുന്നതിന് തൊട്ടുമുമ്പ് ഇൻറർവ്യു നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. തുടർന്ന് മാറ്റിവെച്ചിരുന്ന റാങ്ക് പട്ടിക കഴിഞ്ഞമാസം ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പാരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രന് വി.സിയായി പുനർനിയമനം നൽകിയതെന്ന് ആക്ഷേപവും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.