കല്ലമ്പലം: വിവാഹ പന്തലിൽ വധുവിന്റെ പിതാവിനെ അടിച്ചുകൊന്ന അക്രമികൾ ലക്ഷ്യമിട്ടത് പ്രതിശ്രുത വധുവിനെ. വിവാഹാലോചന നിരസിച്ചതിലെ വൈരാഗ്യമാണത്രെ കാരണം. സമീപവാസിയായ ജിഷ്ണു രാജുവിനോട് മകളെ വിവാഹം ചെയ്തു നൽകണമെന്നാവശ്യപ്പെട്ടിരുന്നു. ജിഷ്ണുവും കുടുംബവും മൂന്നുതവണ വിവാഹാലോചനയുമായി രാജുവിന്റെ വീട്ടിലെത്തിയിരുന്നു. ഒരുതവണ സഹോദരനൊപ്പവും രണ്ടു തവണ അമ്മയോടൊപ്പവും. ഒടുവിൽ ഇനി ഇക്കാര്യം പറഞ്ഞ് വീട്ടിൽ വരരുതെന്ന് രാജു താക്കീത് ചെയ്തു. ഇതോടെ പ്രതികളിൽ വൈരാഗ്യം വളർന്നു.
രാത്രി അതിഥികളെല്ലാം പോയെന്ന് ഉറപ്പാക്കിയശേഷമാണ് ജിഷ്ണുവും സഹോദരന് ജിജിനും രണ്ട് സുഹൃത്തുക്കളും എത്തിയത്. പുറത്ത് ബഹളം വെക്കുകയും സാധന സാമഗ്രികൾ അടിച്ചുതകർക്കുകയും ചെയ്തു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ശ്രീലക്ഷ്മിയെ മർദിച്ചു. നിലത്തുവീണ ശ്രീലക്ഷ്മിയെ ചവിട്ടി. തടയാൻ ശ്രമിച്ച രാജുവിനും ഭാര്യ ജയക്കും മർദനമേറ്റു. ബഹളം കേട്ട് ഓടിയെത്തിയ രാജുവിന്റെ സഹോദരി ഭർത്താവ് ദേവദത്തനും മർദനമേറ്റു. പ്രതികളിലൊരാൾ മൺവെട്ടി കൊണ്ട് തലക്കടിച്ച രാജു ബോധമറ്റ് വീണു. അപ്പോഴേക്കും സമീപ വീടുകളിലുള്ളവർ ബഹളവും നിലവിളിയും കേട്ട് ഓടിയെത്തി. ഇതോടെ പ്രതികൾ പുറത്തേക്കും ഓടി. ശ്രീലക്ഷ്മിക്ക് ശരീരമാസകലം മർദനമേറ്റു.
വിവാഹ സൽക്കാരത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തിരുന്നു. പതിനൊന്നരയോടെയാണ് ബന്ധുക്കളും നാട്ടുകാരും പൂർണമായും പിരിഞ്ഞുപോയത്. ഇതിനുശേഷമാണ് രാജുവിന്റെ മകൻ വിവാഹ സ്ഥലത്തെ ഒരുക്കം വിലയിരുത്താൻ ശിവഗിരിയിലേക്ക് പോയത്. എല്ലാവരും പോയെന്ന് ഉറപ്പാക്കിയശേഷമാണ് അക്രമികൾ വന്നത്.
കല്ലമ്പലം (തിരുവനന്തപുരം): മകളുടെ വിവാഹദിനത്തിൽ പിതാവിനെ അയൽവാസികളടങ്ങുന്ന സംഘം കല്യാണപ്പന്തലിൽ കടന്നുകയറി ആക്രമിച്ച് കൊലപ്പെടുത്തി. കല്ലമ്പലം വടശ്ശേരിക്കോണം ശ്രീലക്ഷ്മിയിൽ രാജു ആണ് (61) കൊല്ലപ്പെട്ടത്. വിവാഹ സ്വീകരണത്തിനായി ഒരുക്കിയ പന്തലിലേക്ക് പിതാവിന്റെ ചേതനയറ്റ ശരീരമെത്തിയത് ഹൃദയഭേദകമായി. വിവാഹസന്തോഷത്തിലമരേണ്ട വീടും നാടും സങ്കടക്കടലായി. സംഭവത്തിൽ അയൽവാസിയായ ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജുവിന്റെ മകളെ ജിഷ്ണു വിവാഹ അഭ്യർഥന നടത്തിയിരുന്നെങ്കിലും കുടുംബത്തിന് താൽപര്യമില്ലായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്.
ബുധനാഴ്ച ശിവഗിരിയിലാണ് രാജുവിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വീട്ടിൽ വിവാഹ സൽക്കാരമുണ്ടായിരുന്നു. തലേന്നുള്ള ഒരുക്കം കഴിഞ്ഞ് വിവാഹദിനത്തിലേക്ക് കടക്കവെ അർധരാത്രി പന്ത്രണ്ടരയോടെയാണു സംഭവം. ബന്ധുക്കളും നാട്ടുകാരും വീടുകളിലേക്കു മടങ്ങിയതിനു പിന്നാലെ നാലംഗ സംഘം വീട്ടിലേക്കെത്തി. ഈ സമയം രാജുവും ഭാര്യയും മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. രാജുവിന്റെ മകൻ സ്ഥലത്തുണ്ടായിരുന്നില്ല. സംഘർഷത്തിനും കൈയാങ്കളിക്കുമിടെ വീട്ടുകാരെ എല്ലാം സംഘം ആക്രമിച്ചു. രാജുവിനെ മൺവെട്ടികൊണ്ട് ആക്രമിച്ചു. തലക്ക് അടിയേറ്റു വീണ രാജുവിനെ നാലുപേരും ചേർന്ന് ക്രൂരമായി മർദിച്ചു. രക്ഷിക്കാൻ ശ്രമിച്ചവർക്കെല്ലാം മർദനമേറ്റു. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയതോടെ ആക്രമികൾ രക്ഷപ്പെട്ടു. രാജുവിനെ ഉടൻതന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും മരിച്ചു. രാജുവിന്റെ ഭാര്യ ജയ, മകൾ, സഹോദരീ ഭർത്താവ് ദേവദത്തൻ എന്നിവർക്കെല്ലാം ആക്രമണത്തിൽ പരിക്കേറ്റു.
ഒന്നോടെയാണ് പൊലീസ് സ്റ്റേഷനിൽ ഫോണിൽ വിവരം അറിഞ്ഞത്. പൊലീസ് ഉടൻ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പുലരും മുമ്പ് പൊലീസ് പിടികൂടി. രാജു ഗൾഫിൽനിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.