ശബ്ദരേഖ കൊടി സുനിയുടേതല്ല, വ്യാജ ശബ്ദരേഖക്ക് പിന്നിൽ നാദാപുരം സ്വദേശി

കോഴിക്കോട്: സ്വർണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ച കേസിൽ കൊടിസുനിയുടെ ശബ്ദരേഖയെന്ന പേരിൽ അഷറഫിന് അയച്ചുനൽകിയത് വ്യാജ ശബ്ദേരേഖയാണെന്ന് പൊലീസിന്‍റെ പ്രഥമിക നിഗമനം. നാദാപുരം സ്വദേശി അഖിലാണ് വ്യാജ ശബ്ദരേഖക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അഖിൽ തന്നെയാണ് സ്വർണം തട്ടിയെടുത്തതെന്ന് അഷറഫ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

അഖിലിനെ കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാൾ ഒളിവിലാണ്. ഇയാളുടെ നാദാപുരത്തെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കൊടുവള്ളി സംഘം സ്വർണം ചോദിച്ചപ്പോൾ അവർക്ക് നൽകാനായി അഖിൽ നൽകിയതാണ് ശബ്ദരേഖ. കൊടി സുനിയുമായോ മറ്റോ ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. 45 ലക്ഷം രൂപയുടെ കുഴൽപ്പണം തട്ടിയെടുത്ത കേസിൽ പ്രതിയാണ് അഖിൽ.

സ്വർണം തട്ടിക്കൊണ്ടുപോയ അഖിൽ, കൊടി സുനിയുടേതെന്ന വ്യാജേന ശബ്ദരേഖ അഷറഫിന് അയച്ചുകൊടുക്കുകയായിരുന്നു. സ്വര്‍ണം തട്ടിയത് തന്‍റെ ആളുകളാണെന്നാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. മെയ് 26ന് അഷറഫ് കരിപ്പൂരിലെത്തിയിരുന്നു. അഷറഫ് കൊണ്ടുവന്ന രണ്ടു കിലോ സ്വര്‍ണം കൊടുവളളി സംഘത്തിനുള്ളതായിരുന്നു. എന്നാല്‍, കണ്ണൂരില്‍ നിന്നുള്ള സംഘം നാദാപുരം ഭാഗത്തേക്ക് അഷ്റഫിനെ കൊണ്ടുപോവുകയും സ്വര്‍ണം കൈക്കലാക്കുകയും ചെയ്തെന്നും പ്രതിഫലമായി പത്തുലക്ഷം രൂപ അഷറഫിന് നല്‍കിയെന്നുമാണ് പൊലീസ് കരുതുന്നത്.

കൊയിലാണ്ടി ഊരള്ളൂരിലെ മാതോത്ത് മീത്തല്‍ മമ്മദിന്‍റെ മകന്‍ അഷ്‌റഫിനെ (35) 13ന് പുലര്‍ച്ചെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇയാളെ 14ന് രാവിലെ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ് കണ്ടെത്തിയത്. അഷ്റഫിനെ മാവൂരിലെ ഒരു മരമില്ലില്‍ ആണ് ഒരു ദിവസം മുഴുവന്‍ തടവില്‍ വച്ചത് എന്നാണ് റിപ്പോര്‍ട്ട്. അഷ്റഫിനെ മർദിച്ച് കാലൊടിച്ച സംഘം ദേഹമാസകലം ബ്ലേഡ് കൊണ്ട് മുറിച്ചിരുന്നു.

Tags:    
News Summary - The audio recording is not of Kodi Suni, but a native of Nadapuram behind the fake audio recording

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.