കോഴിക്കോട്: ഒരാൾക്ക് മൂന്ന് വോട്ടർ ഐ.ഡി കാർഡ് കണ്ടെത്തിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയിൽ ധിറുതിവേണ്ടെന്ന തീരുമാനത്തിൽ അധികൃതർ. നിലവിൽ വോട്ടർ ഐ.ഡി കാർഡുള്ള ബേപ്പൂർ സ്വദേശിയായ ഷാഹിർ ഷാഹുൽ ഹമീദ് എന്നയാൾക്ക് മൂന്നു വോട്ടർ ഐ.ഡി കാർഡ് ലഭിച്ച സംഭവത്തിലാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ (ഇ.ആർ.ഒ), ബൂത്ത് ലെവൽ ഓഫിസർ എന്നിവരെ സസ്പെൻഡ് ചെയ്യാൻ ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് കൗൾ ജില്ല കലക്ടർക്ക് നിർദേശം നൽകിയത്.
ഒന്നിലധികം ഐ.ഡി കാർഡിന് അപേക്ഷ നൽകി കൈപ്പറ്റുന്നത് കണ്ടെത്താൻ നടപടികളൊന്നും ഇല്ലാത്തത് സംഘടനകളും ഉദ്യോഗസ്ഥരും കലക്ടറെ ബോധ്യപ്പെടുത്തിയിരുന്നു. അതിനാൽ, ഇരുവരെയും സസ്പെൻഡ് ചെയ്യാൻ കലക്ടർ ഉത്തരവിട്ടിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ പോർട്ടൽ വഴി എത്രതവണ വേണമെങ്കിലും പുതുതായി വോട്ട് ചേർക്കാൻ അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ മുമ്പ് അപേക്ഷിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാൻ സാധിക്കാത്തതിനാലാണ് ഇത്തരത്തിൽ ഒന്നിൽകൂടുതൽ വോട്ടർ ഐ.ഡി അനുവദിക്കാൻ കാരണമാവുന്നത്.
അംഗീകരിക്കാവുന്ന അപേക്ഷയാണെന്ന് ബി.എൽ.ഒ ഉറപ്പുനൽകിയാൽ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. ജീവനക്കാർക്ക് ഇക്കാര്യത്തിൽ മറ്റൊന്നും ചെയ്യാനില്ല. ഈ സാഹചര്യം വ്യക്തമാക്കിയാണ് ജീവനക്കാരും സംഘടനകളും കലക്ടറെ സമീപിച്ചത്. സസ്പെൻഡ് ചെയ്യുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുമെന്ന് കലക്ടറെ അറിയിച്ചിട്ടുമുണ്ട്. നിലവിൽ വോട്ടർ ഐ.ഡി കാർഡുള്ള ബേപ്പൂർ സ്വദേശിയായ ഷാഹിർ ഷാഹുൽ ഹമീദ് എന്നയാൾ 2023 സെപ്റ്റംബർ 23നും ഡിസംബർ ഒന്നിനുമാണ് വീണ്ടും അപേക്ഷ സമർപ്പിച്ചത്. തുടർന്ന് വോട്ടർ ഐ.ഡി കാർഡ് കൈപ്പറ്റുകയും ചെയ്തു.
ആദ്യതവണ ആധാറും രണ്ടാം തവണ പാസ്പോർട്ടും ആണ് തിരിച്ചറിയൽ രേഖയായി സമർപ്പിച്ചത്. വോട്ടർ പട്ടികയിൽ പേരില്ലെന്ന് അപേക്ഷയിലെ സത്യപ്രസ്താവനയിലും രേഖപ്പെടുത്തിയിരുന്നു. ഇത് പരിശോധിച്ച് അംഗീകരിക്കാവുന്നതാണെന്ന് ബൂത്ത് ലെവൽ ഓഫിസർ ശിപാർശ ചെയ്യുകയായിരുന്നു.
എന്നാൽ, ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരം ഇവർക്കെതിരെ കേസെടുക്കാനാണ് നിർദേശം. മൂന്നുമാസം മുതൽ രണ്ട് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വോട്ടർ ഐ.ഡി കാർഡ് കൈവശപ്പെടുത്തിയ ആൾക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും കേസെടുക്കും. ഒരു വർഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.