മുഖ്യമന്ത്രി മറന്നുവെച്ച കറൻസിയടങ്ങുന്ന ബാഗ് ദുബൈയിലെത്തിച്ചെന്ന് സ്വപ്ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. 2016ൽ മുഖ്യമന്ത്രി ദുബൈയിലേക്ക് പോയപ്പോൾ മറന്നുവെച്ച കറൻസിയടങ്ങുന്ന ബാഗ് എം. ശിവശങ്കറിന്റെ നിർദേശപ്രകാരം നയതന്ത്ര പ്രതിനിധിയുടെ കൈവശം അവിടെയെത്തിച്ചെന്നാണ് പ്രധാന വെളിപ്പെടുത്തൽ. എറണാകുളം ജില്ല കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ടാണ് ശിവശങ്കർ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. പ്രോട്ടോകോൾ പരിശോധിക്കാനും വിമാനത്താവളത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാനുമാണ് വിളിച്ചത്. പിന്നീട് മുഖ്യമന്ത്രി ഒരു ബാഗ് മറന്നുവെച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ആ ബാഗ് കോൺസുലേറ്റിന്റെ ഉദ്യോഗസ്ഥർ കൊണ്ടുവന്നപ്പോൾ അതിൽ കറൻസിയാണെന്ന് മനസ്സിലായി. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്.

ജവഹർ നഗറിലെ കോൺസുലേറ്റ് ജനറലിന്റെ ഓഫിസിൽനിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി പാത്രങ്ങൾ ശിവശങ്കറിന്റെ നിർദേശപ്രകാരം എത്തിച്ചിട്ടുണ്ട്. ഇതിൽ ബിരിയാണി മാത്രമല്ല, ഭാരമുള്ള നിരവധി വസ്തുക്കളും ഉണ്ടായിരുന്നു. ഇങ്ങനെ പല കാര്യങ്ങളിലും രഹസ്യമൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

'എനിക്കെതിരായ കേസിൽ ഉൾപ്പെട്ടിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, ഭാര്യ കമല, എം. ശിവശങ്കർ, കെ.ടി. ജലീൽ, സി.എം. രവീന്ദ്രൻ, നളിനി നെറ്റോ എന്നിവരുടെ കേസിലെ പങ്കാളിത്തം എന്താണെന്ന് മൊഴിയിൽ വിശദമായി പറഞ്ഞിട്ടുണ്ട്.

പല കാര്യങ്ങളും ഇനിയും പറയാനുണ്ട്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അവർ പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്നും വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാൽ സുരക്ഷ വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടതായും സ്വപ്ന അറിയിച്ചു.

Tags:    
News Summary - The bag containing currency was brought to Dubai when the Chief Minister went to Dubai -Swapna Suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.