ഗവർണറെ കരിങ്കൊടി കാട്ടിയ എസ്.എഫ്.ഐ പ്രവർത്തകരുടെ ജാമ്യഹരജി മാറ്റി

കൊച്ചി: തിരുവനന്തപുരത്ത് ഗവർണറെ തടഞ്ഞ് കരിങ്കൊടി കാട്ടിയ കേസിലെ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകരുടെ ജാമ്യഹരജി വ്യാഴാഴ്ച പരിണിക്കാൻ മാറ്റി. ഇവർ പഠിക്കുന്ന കോളജ്​ ഏതെന്ന വിവരവും അറ്റൻഡൻസ് രജിസ്റ്റർ അടക്കമുള്ള രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് സി.എസ്. ഡയസ് നിർദേശിച്ചു. കഴിഞ്ഞ തവണ ഹരജി പരിഗണിക്കവേ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ റിപ്പോർട്ട് തേടിയിരുന്നു.

ഡിസംബർ 11ന് നടന്ന സംഭവത്തിൽ തിരുവനന്തപുരം കന്റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നുമുതൽ ഏഴുവരെ പ്രതികളായ യദു കൃഷ്‌ണൻ, ആഷിക് പ്രദീപ്, ആർ.ജി. ആശിഷ്, ദിലീപ്, റയാൻ, അമൻ ഗഫൂർ, റിനോ സ്റ്റീഫൻ എന്നിവരാണ്​ ജാമ്യഹരജി നൽകിയത്​. ഗവർണറെ തടയൽ, അന്യായമായി സംഘം ചേരൽ, പൊതുസേവകരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

കേരള സർവകലാശാല സെനറ്റിലേക്ക് സംഘ്​പരിവാർ ബന്ധമുള്ളവരെ നോമിനേറ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിക്കുകയാണ് ചെയ്തതെന്നും ഗവർണറുടെ വാഹനം തടഞ്ഞതടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ്​ കേരള സർവകലാശാലയിലെ വിവിധ ഡിപ്പാർട്​മെന്റുകളിൽ വിദ്യാർഥികളായ ഹരജിക്കാരുടെ വാദം. തിരുവനന്തപുരം മജിസ്ട്രേട്ട് കോടതി ജാമ്യഹരജി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.

Tags:    
News Summary - The bail plea of ​​the SFI activists who black-flagged the governor was Postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.