മലപ്പുറം: ബാലറ്റ് പേപ്പറിനു പകരം വോട്ടുയന്ത്രം വന്നെങ്കിലും വിരലിൽ മഷി പുരട്ടുന്ന രീതിക്കു മാത്രം മാറ്റമില്ല. ഏഴു പതിറ്റാണ്ടിലേറെയായി വോട്ടുമഷി ഇന്ത്യൻ തെരഞ്ഞെടുപ്പിന്റെ അടയാളമായി തുടരുന്നു. 1962ലെ പൊതുതെരഞ്ഞെടുപ്പ് മുതലാണ് ഒരാൾ ഒന്നിലധികം വോട്ട് ചെയ്തില്ലെന്ന് ഉറപ്പുവരുത്താൻ കൈവിരലിൽ മഷി പുരട്ടുന്ന സമ്പ്രദായം വന്നത്. 1999 മുതൽ ബാലറ്റ് പെട്ടിക്കു പകരം ഇലക്േട്രാണിക് വോട്ടുയന്ത്രം വന്നെങ്കിലും വോട്ടുമഷിക്ക് മാറ്റമൊന്നുമുണ്ടായില്ല.
ചില വിദേശരാജ്യങ്ങളിൽ മഷിക്കു പകരം മാർക്കർ പെൻ നടപ്പാക്കിയെങ്കിലും ഇന്ത്യയിൽ ഇത് പരിഗണിക്കപ്പെട്ടിട്ടില്ല. പൊതുമേഖല സ്ഥാപനമായ മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡിന് (എം.പി.വി.എൽ) മാത്രമാണ് രാജ്യത്ത് മഷി നിർമിക്കാൻ അനുമതിയുള്ളത്.
ഈ ലോക്സഭ തെരഞ്ഞെടുപ്പിന് രാജ്യത്താകെ 26.6 ലക്ഷം വയൽ വോട്ടുമഷി വേണമെന്നാണ് കണക്കാക്കുന്നത്. 55 കോടി രൂപയുടെ ഓർഡറാണ് കമ്പനിക്ക് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിരിക്കുന്നത്. 10 എം.ജിയുടെ സിംഗ്ൾ വയൽ ഉപയോഗിച്ച് 700 വോട്ടർമാരുടെ കൈവിരലിൽ മഷി പുരട്ടാം.
2019ൽ ഒരു വയലിന് 160 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 174 രൂപയായി. മൈസൂർ പെയിന്റ്സ് 60ഓളം വിദേശ രാജ്യങ്ങളിലേക്കും മഷി കയറ്റുമതി ചെയ്യുന്നുണ്ട്. വിദേശരാജ്യങ്ങളിൽനിന്നുള്ള ആവശ്യപ്രകാരം മഷിക്കു പകരം മാർക്കർ പെൻ നടപ്പാക്കാനുള്ള പരീക്ഷണങ്ങളും കമ്പനിയിൽ നടന്നുവരുന്നു.
വ്യാപകമായിരുന്ന കള്ളവോട്ടിന് പരിഹാരമെന്ന നിലയിൽ, ന്യൂഡൽഹിയിലെ നാഷനൽ ഫിസിക്കൽ ലബോറട്ടറി വികസിപ്പിച്ചെടുത്തതാണ് പ്രത്യേകതരം മഷി. കൈയിൽ പുരട്ടിയാൽ പത്തോ പതിനഞ്ചോ സെക്കൻഡുകൾക്കുള്ളിൽ ഉണങ്ങും. മൂന്നാഴ്ചയോളം മായാതെ നിൽക്കുന്ന മഷിയുടെ രാസക്കൂട്ട് അതിരഹസ്യമാണ്. നാഷനൽ ഫിസിക്കൽ ലബോറട്ടറി, എം.പി.വി.എൽ മേധാവികൾക്കു മാത്രമേ ഇതറിയൂ. .
വോട്ട് ചെയ്യുന്നതിനുമുമ്പ് സമ്മതിദായകന്റെ കൈവിരലിൽ മഷി അടയാളം പതിഞ്ഞിട്ടുണ്ടെന്ന് പോളിങ് ഓഫിസർ ഉറപ്പുവരുത്തണം. ഇടത് ചൂണ്ടുവിരൽ പരിശോധിക്കാൻ വിസമ്മതിക്കുകയോ മഷി പുരട്ടാൻ അനുവദിക്കാതിരിക്കുകയോ മഷി മായ്ക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവരെ വോട്ട് ചെയ്യുന്നതിൽനിന്ന് വിലക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കുണ്ട്.
പണ്ട് നഖവും തൊലിയും ചേരുന്ന ഭാഗത്തായിരുന്നു മഷി പുരട്ടിയിരുന്നത്. 2006 മുതൽ ഇടത് ചൂണ്ടുവിരലിലെ നഖത്തിന്റെ മുകൾ ഭാഗം മുതൽ വിരലിന്റെ ആദ്യ മടക്കു വരെ പുരട്ടുന്ന രീതി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.