കണ്ണൂർ: ആകെ സമ്പാദ്യമായ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിലൂടെ വൈറലായ അജ്ഞാത ബീഡി തൊഴിലാളി ഇവിടെയുണ്ട്. കണ്ണൂർ കുറുവയിലെ ജനാർദനനാണ് വർത്തമാനകാല ദുരന്തത്തെ പ്രതിരോധിക്കാനിറങ്ങുന്ന മലയാളിയുടെ പരിച്ഛേദമായ നാട്ടുമ്പുറത്തുകാരൻ. 'എെൻറ പേര് ആരോടും വെളിപ്പെടുത്തരുത്' എന്ന് ബാങ്ക് ജീവനക്കാരോട് പറഞ്ഞ് ആയുഷ്കാല സമ്പാദ്യമായ 2,00,850 രൂപയിൽനിന്ന് രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയ അദ്ദേഹത്തിന് താൻ ചെയ്തത് വലിയ കാര്യമാണെന്ന ഭാവം ഇപ്പോഴുമില്ല.
കേരളത്തിന് അകത്തും പുറത്തും ശ്രദ്ധേയനായിട്ടും ഭാവപ്പകർച്ചയേതുമില്ലാതെ കുറുവയിലെ വീട്ടിലിരുന്ന് അദ്ദേഹം ബീഡിതെറുപ്പ് തുടരുകയാണ്. മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനത്തിലെ ഒാരോ വാക്കുകളും ജീവിക്കാനുള്ള പ്രചോദനവും ആവേശവുമാണെന്ന് ജനാർദനൻ പറയുന്നു. അങ്ങനെയാണ് കഴിഞ്ഞ വ്യാഴാഴ്ചത്തെ മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനവും ശ്രദ്ധിച്ചത്. സൗജന്യമായി കിട്ടിയ വാക്സിന് 400 രൂപ നൽകണമെന്ന് കേന്ദ്രം പറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞത് മനസ്സിൽ തറച്ചു. മുഖ്യമന്ത്രി വാക്കുമാറ്റി പറയുമെന്നാണ് ആദ്യം തോന്നിയത്.
എന്നാൽ, പറഞ്ഞത് മാറ്റിപ്പറയില്ലെന്ന അദ്ദേഹത്തിെൻറ വാക്കുകൾ എന്നിൽ ആവേശമുണ്ടാക്കി. മകളോടുപോലും പറയാതെയാണ് 11ഒാടെ ബാങ്കിൽ എത്തിയത്. തുക എത്രയുണ്ടെന്ന് മാനേജർ പറഞ്ഞു. അതിൽനിന്ന് രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് അറിയിച്ചപ്പോൾ മാനേജർക്കും ജീവനക്കാർക്കും വിശ്വാസം വന്നില്ല. കുറച്ചുപണം കൊടുത്താൽ പോരെ, പണത്തിന് എന്തെങ്കിലും ആവശ്യംവന്നാലോ എന്നായി ബാങ്ക് ജീവനക്കാർ. ഇന്നലെ തീരെ ഉറങ്ങിയിട്ടില്ല, ഇത് കൊടുത്തില്ലെങ്കിൽ ഇന്നും ഉറങ്ങാനാവില്ലെന്നായിരുന്നു മറുപടി. എന്നിട്ടും ബാങ്ക് മാനേജറും ജീവനക്കാരും തീരുമാനമെടുക്കാതെ അരമണിക്കൂർ നീട്ടിക്കൊണ്ടുപോയതായും ജനാർദനൻ പറഞ്ഞു.
തീരുമാനത്തിൽ ഉറച്ചുനിന്നതോടെ പബ്ലിസിറ്റി കൊടുത്തുകൂടേയെന്നായി ബാങ്ക് ജീവനക്കാർ. ഏകാന്തത കൂടുതൽ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. അതുകൊണ്ട് അതു വേണ്ടെന്നുപറഞ്ഞു. ഒടുവിൽ അവർ എഴുതിയ രണ്ടു ലക്ഷം രൂപയുടെ ചെക്ക് കലക്ടറേറ്റിൽ ഏൽപിച്ചശേഷമാണ് മടങ്ങിയതെന്നും അന്നുരാത്രി നന്നായി ഉറങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.