ഗുരുവായൂര്‍: ഭയവും പ്രലോഭനവും വ്യാമോഹവും മൂലം ബി.ജെ.പിക്ക് വോട്ട് ചെയ്ത ബിഷപ്പുമാർ തെറ്റുപറ്റിയെന്ന് ബോധ്യപ്പെട്ട് തിരുത്തേണ്ടി വരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘കര്‍ത്താവേ, ഇവര്‍ ചെയ്യുന്നതും പറയുന്നതും എന്താണെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണോ വേണ്ടയോ എന്ന് കര്‍ത്താവ് തീരുമാനിക്കട്ടെ’ എന്നാണ് തനിക്ക് പറയാനുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഗുരുവായൂരിൽ കെ. ദാമോദരന്‍സ്മൃതി ഉദ്ഘാടനം ചെയ്യവെയാണ് ബിനോയ് വിശ്വത്തിന്‍റെ പരാമർശം. തൃശൂരിൽ സ്ഥാനാര്‍ഥിയായിരുന്ന വി.എസ്. സുനില്‍കുമാര്‍ കൂടി ഉണ്ടായിരുന്ന വേദിയിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
ഹിന്ദുക്കളിലെ തന്നെ ആദിവാസി, ദലിത്, പിന്നാക്ക വിഭാഗങ്ങളെ ഉള്‍ക്കൊള്ളാത്ത ബി.ജെ.പി ക്രിസ്ത്യാനികള്‍ക്കു വേണ്ടി ശബ്ദിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? പല കാര്യങ്ങളിലും സി.പി.ഐയും സി.പി.എമ്മും വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. പാര്‍ട്ടി ഒന്നായിരുന്നപ്പോള്‍ 1925 ഡിസംബര്‍ 26ന് കാണ്‍പൂരില്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നു എന്നായിരുന്നു പറഞ്ഞത്.
ഭിന്നിപ്പിന്‍റെ കാലം വന്നപ്പോള്‍ 1920 ആഗസ്റ്റ് 17ന് താഷ്കന്‍റിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പിറവിയെന്ന് പറയുന്നവരുണ്ടായി. 1925 ഡിസംബര്‍ 26ന് കാണ്‍പൂരിലാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിറവിയെന്ന് കാണിച്ച് ഇന്തോനേഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സി.പി.എം നേതാവ് എം. ബസവ പുന്നയ്യ നല്‍കിയ കത്തിന്‍റെ പകര്‍പ്പ് താന്‍ കണ്ടിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേരള പാര്‍ട്ടിയുടെ പിറവിയെക്കുറിച്ചും പിളര്‍പ്പിനു ശേഷം ഭിന്നാഭിപ്രായമുണ്ടായി. ഭിന്നിപ്പ് നിഷ്ഫല വ്യായാമം മാത്രമാണ്. സി.പി.ഐ ചര്‍ച്ചക്ക് വിലക്കുള്ള പാര്‍ട്ടിയല്ല. ഞാന്‍ കൈ പൊക്കുന്നു എന്നതല്ല രീതി. ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും വോട്ടുവിഹിതം കുറഞ്ഞതും ബി.ജെ.പിയുടെ് കൂടിയതും വിലയിരുത്തി തെറ്റുകള്‍ തിരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.