ചെങ്ങന്നൂർ: പ്രതിപക്ഷ നേതാവിന്‍റെ ജൻമനാടായ ചെന്നിത്തല, തൃപ്പെരുംന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന മൂന്നാംവട്ട തെരഞ്ഞെടുപ്പിൽ എൻ.ഡി.എയിലെ ബിന്ദു പ്രദീപ് 7 വോട്ടോടെ വിജയിച്ചു. പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇടതു പക്ഷത്തെ 16-ാം വാർഡ് മെമ്പർ അജിതാ ദേവരാജന്‍റെ വോട്ട് അസാധുവായതോടെ എതിർ സ്ഥാനാർഥി വിജയമ്മ ഫിലേന്ദ്രന് 4 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് വിമതനായ വാർഡ് 15ൽ നിന്നുള്ള അംഗവും ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാനുമാനുമായ ദിപു പടകത്തിൽ ഇക്കുറി ബി.ജെ.പിക്കു അനുകൂലമായി മാറിയതോടെയാണ് 7 പേരുടെ പിന്തുണ നേടാനായത്.
മുൻപ് നടന്ന രണ്ടു അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പുകളിലും വർഗീയ കക്ഷിയെ അധികാരത്തിൽ നിന്നൊഴിവാക്കുന്നതിന് ആവശ്യപ്പെടാതെ തന്നെ സ്വമേധയാ സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രനെ കോൺഗ്രസ്സിലെ 6 അംഗങ്ങളും പിന്തുണച്ചിരുന്നു. പ്രസിഡന്‍റായി ഡിസംബർ 30ന് ആദ്യം വിജയിച്ച ശേഷം ഫെബ്രുവരി 6നും, തുടർന്ന് മാർച്ച് 8നു രണ്ടാംവട്ടം തെരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചെയ്ത ശേഷം രജിസ്റ്ററിൽ ഒപ്പിടാതെ പദവി രാജിവെച്ചു കൊണ്ടുള്ള കത്ത് കൈമാറുകയുമായിരുന്നു. 18 അംഗ സമിതിയിൽ ബി.ജെ.പിക്കും കോൺഗ്രസിനും 6 വീതവും എൽ.ഡി.എഫിന് 5 ഉം കോൺഗ്രസ് വിമതനായി വിജയിച്ച ഒരംഗവുമാണ് ഉള്ളത്.
രണ്ടു പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തെ അനുകൂലിച്ചത് കോൺഗ്രസിനെതിരെ ബി.ജെ.പി സംസ്ഥാന തലത്തിൽ തന്നെ വലിയ ആരോപണങ്ങളും സമരപരിപാടികളും ആവിഷ്കരിച്ചിരുന്നു, പിന്തുണ നിരസിച്ചു പിന്നീട് രാജിവെച്ചതു കാരണം ഡി.സി.സി നേതൃത്വം വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിൽക്കണമെന്ന് കാണിച്ച് ചൊവ്വാഴ്ച രാവിലെ 6 അംഗങ്ങൾക്കും വിപ്പു നൽകിയിരുന്നു. മാവേലിക്കര സഹകരണ സംഘം ആഡിറ്റ് അസി. രജിസ്ട്രാർ സജിമോൻ വരണാധികാരിയായിരുന്നു. യു.ഡി.എഫ് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്ത ശേഷം പുറത്തു പോയി.
ചെറുകോൽപുത്തേത്ത് തറയിൽ വീട്ടിൽ 40കാരിയായ ബിന്ദു പ്രദീപ് എട്ടാം വാർഡിൽ നിന്നും 56 വോട്ടിന്‍റെ ഭുരിപക്ഷത്തിലാണ് വിജയിച്ചത്. പാർട്ടിയുടെ138-ാം നമ്പർ ബൂത്ത് കമ്മിറ്റി സെക്രട്ടറിയാണ്. മാന്നാർ നായർ സമാജം ഹയർ സെക്കന്‍ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായ പ്രബോയ്, ചെന്നിത്തല മഹാത്മ ഗേൾസ് ഹൈസ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ പി. ആദിത്യ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.