തൃശൂർ: കേരളത്തിൽ സീറ്റ് വർധിപ്പിക്കാനല്ല, 70ലധികം സീറ്റുകൾ നേടി ഭരണത്തിലേറാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ബി.ജെ.പി പ്രഭാരി സി.പി. രാധാകൃഷ്ണൻ. തൃശൂരിൽ പാർട്ടി സംസ്ഥാനസമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രിപുരയിൽ കമ്യൂണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞ് അധികാരത്തിലേറാൻ സാധിച്ചെങ്കിൽ കേരളത്തിലും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിെൻറ സംസ്കാരവും ആചാരങ്ങളും തകർക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ശബരിമലയിൽ അതാണ് കണ്ടത്. ജി.എസ്.ടിക്ക് മുമ്പും ശേഷവും കേരളത്തിന് ലഭിച്ച റവന്യൂ വരുമാനത്തെക്കുറിച്ച് ധവളപത്രം ഇറക്കാൻ ധനമന്ത്രി തോമസ് ഐസക് തയാറാവണം.
ജി.എസ്.ടിക്ക് ശേഷം വരുമാനത്തിൽ വലിയ വർധനവാണുണ്ടായത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശാസ്ത്രീയമായ അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. അടിസ്ഥാന സൗകര്യ വികസനകാര്യത്തിൽ കേരളം ഏറെ പിന്നിലാണ്. തൃശൂരിൽനിന്ന് കോഴിക്കോട്ടെത്താൻ മണിക്കൂറുകൾ ആവശ്യമാണ്.
നല്ല റോഡുകൾ നിർമിക്കാൻ സംസ്ഥാനം ഭരിച്ചവർ ശ്രമിച്ചില്ല. വാജ്പേയ് സർക്കാറിെൻറയും മോദിസർക്കാറിെൻറയും കാലത്താണ് കേരളത്തിൽ റോഡ് വികസനം നടന്നത്. പാലക്കാട് ഹൈവേയും ആലപ്പുഴ ബൈപാസും ഇതിന് ഉദാഹരണമാണ്. കേന്ദ്രസർക്കാറിെൻറ മികച്ച പിന്തുണ കിട്ടിയിട്ടും സംസ്ഥാന സർക്കാറിന് വികസനം കൊണ്ടുവരാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒ. രാജഗോപാൽ എം.എൽ.എ, മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, ദേശീയ നിർവാഹക സമിതി അംഗങ്ങളായ പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ, മുൻ സംസ്ഥാന അധ്യക്ഷൻമാരായ കെ. രാമൻപിള്ള, കെ.വി. ശ്രീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം.ടി. രമേശ്, സി. കൃഷ്ണകുമാർ, പി. സുധീർ, തൃശൂർ ജില്ല പ്രസിഡൻറ് കെ.കെ. അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.