അ​ഴി​ത്ത​ല​യി​ൽ പു​ഴ​യി​ൽ ന​ങ്കൂ​രമിട്ട മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട്

ബോട്ട് പുഴയിൽ നങ്കൂരമിടുന്നു; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

നീലേശ്വരം: കടലിലെ മത്സ്യബന്ധന ബോട്ടുകൾ പുഴയിൽ നങ്കൂരമിടുന്നത് മത്സ്യത്തൊഴിലാളികളുടെ ദുരിതമേറ്റുന്നു. നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം അഴിത്തല പുഴയിൽ ചെറുതോണികളിൽ പോയി മത്സ്യം പിടിക്കുന്നവർക്കാണ് ബോട്ടുകാരുടെ പ്രവൃത്തി വിനയായിമാറുന്നത്.

ചെറുവത്തൂർ, തൈക്കടപ്പുറം ഹാർബറുകളിൽ നിർത്തിയിടാതെ ബോട്ടുകൾ പുഴയിലാണ് നങ്കൂരമിടുന്നത്. പുലർച്ചെ കടലിൽപോകാനുള്ള എളുപ്പവഴിയായാണ് തലേദിവസം വൈകീട്ട് ബോട്ടുകൾ പുഴയിൽ നിർത്തിയിടുന്നത്.

സ്ഥിരമായി ചെറുതോണികളിൽ പുഴയിൽ മീൻപിടിക്കുന്നവർ രാവിലെ ആഴത്തിൽ മീറ്ററുകളോളം പുഴയിൽ വലവിരിച്ചിട്ടുണ്ടാവും. വലവിരിച്ചശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് വീണ്ടും പുഴയിലെത്തി വലയിൽ കുടുങ്ങിയ മീനുകളെ എടുക്കുന്നത്. ഇതിനിടെ വൈകീട്ട് നിരവധി ബോട്ടുകൾ പുഴയിലെത്തി നങ്കൂരമിട്ട് കിടക്കും.

പുഴയുടെ ആഴമുള്ള ഭാഗത്ത് മീൻപിടിക്കാൻ വിരിച്ച വലയുടെ മുകളിലായി നങ്കൂരമിടുമ്പോൾ വലമുഴുവനും നശിച്ച് പോകുന്ന സ്ഥിതിയാണ്. കൂറ്റൻ ഇരുമ്പ് നങ്കൂരം പുഴയിൽ ആഴത്തിൽ താഴ്ത്തി ഇടുന്നതാണ് വലകൾ കീറിമുറിയാൻ കാരണം.

ബോട്ടിൽതന്നെ കിടന്നുറങ്ങുന്ന ജീവനക്കാർ പുലർച്ചെ നങ്കൂരമെടുക്കുമ്പോൾ വലമുഴുവനും മുറിഞ്ഞ് ഉപയോഗശൂന്യമാവുന്നു. മീനുണ്ടോ എന്ന് നോക്കാൻ പോകുന്ന തൊഴിലാളികൾ കാണുന്നത് വല മുഴുവൻ നശിപ്പിച്ച നിലയിലാണ്. ഇങ്ങനെ ദിവസവും വല നശിക്കുന്നതിലൂടെ പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്.

കടലിൽ മീൻ പിടിക്കാനായി കുറുക്കുവഴി തേടുന്ന ബോട്ട് ഉടമകളോട് പുഴയിൽ നങ്കൂരമിടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയാറല്ല.

പുഴയിൽ മീൻപിടിക്കുന്നവരുടെ വല നശിപ്പിക്കുന്ന ബോട്ടുജീവനക്കാരുടെ നടപടികൾ തങ്ങളുടെ തൊഴിൽനഷ്ടങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പുഴമത്സ്യത്തൊഴിലാളിയായ രാജീവൻ അഴിത്തല പറഞ്ഞു.

ഒരു മാസത്തിൽ ലക്ഷങ്ങളുടെ വലയാണ് ഇങ്ങനെ ബോട്ട് പുഴയിൽ നങ്കൂരം ഇടുന്നത് മൂലം നഷ്ടമായത്. ഹാർബറിൽ നങ്കൂരം ഇടേണ്ട ബോട്ട് പുഴയിൽ നിർത്തിയിടുന്നത് തടയാനുള്ള നീക്കത്തിലാണ് പുഴയിൽ മീൻ പിടിക്കുന്ന തൊഴിലാളികൾ.

Tags:    
News Summary - The boat anchors in the river-Fishermen in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.