പിണറായി (കണ്ണൂർ): സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോൽ താഴെവയലിലെ കെ. ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞ വീടിന് നേരെ ബോംബേറ്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു പിണറായി പാണ്ട്യാലമുക്കിലെ പ്രവാസിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്.
വീടിന്റെ മുൻ വശത്തെ ജനലുകളും മുഴുവൻ ജനൽ ചില്ലുകളും അടിച്ചു തകർത്തു. വീട്ടിന് പുറത്തുണ്ടായിരുന്ന കസേരകൾ കിണറ്റിൽ എറിഞ്ഞ നിലയിലാണ്. വീടിനുള്ളിലേക്ക് രണ്ട് ബോംബുകൾ എറിഞ്ഞതായും പൊലീസ് പറയുന്നു.
വെള്ളിയാഴ്ച പുലർച്ചെയാണ് ഹരിദാസൻ കൊലക്കേസ് ഗൂഢാലോചനയിൽ മുഖ്യപ്രതിയും ഓട്ടോ ഡ്രൈവറുമായ പുന്നോൽ ചെള്ളത്ത് മഠപ്പുരക്കടുത്ത പാറക്കണ്ടി വീട്ടിൽ നിജിൽ ദാസ് അറസ്റ്റിലായത്. പിണറായി പാണ്ട്യാലമുക്കിലെ പ്രവാസിയുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ന്യൂമാഹി പൊലീസ് വീട് വളഞ്ഞാണ് പിടികൂടിയത്. 20ഓളം ശാഖകളുടെ ഉത്തരവാദിത്തമുള്ള ആർ.എസ്.എസ് ഖണ്ഡ് കാര്യവാഹാണ് നിജിൽ ദാസ്.
പിണറായി പാണ്ട്യാലമുക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് വിളിപ്പാടകലെയുള്ള വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സദാസമയവും പൊലീസ് നിരീക്ഷണമുള്ള പ്രദേശത്ത് പൊലീസ് പ്രതിയെ പിടിച്ചപ്പോൾ മാത്രമാണ് നാട്ടുകാർ പോലും അറിയുന്നത്. മുഖ്യമന്ത്രിയുടെ വീടിനടുത്ത് കൊലക്കേസ് പ്രതി ഒളിവിൽ കഴിഞ്ഞ സംഭവം പൊലീസ് വീഴ്ചയായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൊലക്കേസ് പ്രതിക്ക് ഒളിവിൽ കഴിയാൻ വീട് വിട്ടുകൊടുത്ത സംഭവത്തിൽ പുന്നോൽ അമൃത വിദ്യാലയം അധ്യാപിക പാലയാട് അണ്ടലൂർ പി.എം. രേഷ്മയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സി.പി.എം ശക്തികേന്ദ്രമായ ഇവിടെ നാട്ടുകാർ പോലുമറിയാതെയാണ് പ്രതി താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.