തിരുവനന്തപുരം: എക്സൈസിൽ വകുപ്പ് മേധാവിയുടെ വിയോജിപ്പ് മറികടന്ന് ഡ്രൈവർ തസ്തികയിൽ സർവിസിൽ കയറിയവരെ പ്രിവൻറിവ് ഓഫിസർമാരായി സ്ഥാനക്കയറ്റം നൽകി നിയമിക്കാൻ രഹസ്യനീക്കമെന്ന് ആക്ഷേപം. എക്സൈസ് ഡ്രൈവർമാർക്ക് പ്രിവൻറിവ് ഓഫിസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകാനാവില്ലെന്ന് എക്സൈസ് കമീഷണർ അറിയിച്ചെങ്കിലും നികുതി വകുപ്പിലെ ചില ഉദ്യോഗസ്ഥർ സമ്മർദം തുടരുകയാണെന്നാണ് വിവരം. സിവിൽ എക്സൈസ് ഓഫിസർ തസ്തികയിൽ നിയമനം കിട്ടുന്ന ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ തസ്തികയാണ് പ്രിവൻറിവ് ഓഫിസറുടേത്.
എല്ലാ വകുപ്പുതല പരീക്ഷകളും പാസായി 18 വർഷം കഴിഞ്ഞിട്ടും സ്ഥാനക്കയറ്റം ലഭിക്കാതെ സിവിൽ എക്സൈസ് ഓഫിസർമാർ ഉള്ളപ്പോഴാണ് അനധികൃതമായി ഡ്രൈവർമാർക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള നീക്കമെന്ന് ഓഫീസർമാർ ചൂണ്ടിക്കാട്ടുന്നു. വകുപ്പിൽ പ്രവർത്തനാനുമതിയില്ലാത്ത കേരള എക്സൈസ് ഡ്രൈവേഴ്സ് അസോസിയേഷൻ എന്ന സംഘടനയുടെ നിവേദനത്തിെൻറ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധ സ്ഥാനക്കയറ്റം നൽകാൻ ശ്രമമെന്നും ജീവനക്കാർ ആരോപിക്കുന്നു.
ഇൗ സംഘടനക്ക് നിയമവിരുദ്ധമായി സേനയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് നികുതി വകുപ്പുതന്നെ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചതുമാണ്. ഇത്തരത്തിൽ പ്രവർത്തിച്ച രണ്ടു ഉദ്യോഗസ്ഥർക്കെതിരെ എക്സൈസ് വകുപ്പ് മുമ്പ് അച്ചടക്കനടപടിയും കൈക്കൊണ്ടിരുന്നു.
എക്സൈസ് വകുപ്പിൽ കേരള സ്റ്റേറ്റ് എക്സൈസ് ഓഫിസേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ എന്നീ സംഘടനകൾക്കാണ് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. ഇതിൽ ഡ്രൈവർമാരെ പ്രതിനിധീകരിക്കുന്ന കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ഇത്തരത്തിലൊരു ആവശ്യവുമായി നികുതിവകുപ്പിനെ സമീപിച്ചിട്ടില്ല.
ഡ്രൈവർമാരെ പ്രിവൻറിവ് ഒാഫിസർമാരായി നിയമിക്കുന്നത് സംബന്ധിച്ച് നികുതി വകുപ്പ് എക്സൈസ് കമീഷണറോട് അഭിപ്രായം തേടിയിരുന്നു. അങ്ങനെ സ്ഥാനക്കയറ്റം നൽകാൻ സാധിക്കില്ലെന്ന് കമീഷണർ എസ്. ആനന്ദകൃഷ്ണൻ മറുപടി നൽകുകയും ചെയ്തു. എന്നാൽ, എക്സൈസ് കമീഷണറെ വിമർശിക്കുന്നരീതിയിൽ നികുതി വകുപ്പ് വീണ്ടും കത്തയച്ചിരിക്കുകയാണ്. എക്സൈസ് ഡ്രൈവർമാർക്ക് റേഷ്യോ പ്രമോഷൻ നിലവിൽ അനുവദിക്കുന്നുണ്ട്. ഇതുവഴി സ്ഥാനക്കയറ്റം ലഭിക്കുമ്പോഴാണ് വളഞ്ഞവഴിയിലൂടെയുള്ള ഇൗ നീക്കമെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.