തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ ഗുരുതര വെല്ലുവിളിയാകുകയും മരുന്നുക്ഷാമമടക്കം പ്രതിസന്ധി തീർക്കുകയും ചെയ്യുമ്പോഴും ആരോഗ്യമേഖലക്കുള്ള ബജറ്റ് വിഹിതം വർഷാവർഷം മെലിയുന്നു.
2021-22 സാമ്പത്തിക വർഷം 13,198.94 കോടിയായിരുന്നെങ്കിൽ 2024-25 കാലയളവിലേക്ക് നീക്കിവെച്ചത് 11,397.88 കോടിയിലേക്ക് ചുരുങ്ങി. 2021-21 ൽ മൊത്തം ചെലവിന്റെ 8.9 ശതമാനമായിരുന്നു ആരോഗ്യമേഖലക്കെങ്കിൽ പുതുതലമുറ പകർച്ചവ്യാധികളടക്കം ഗുരുതരമാകുന്ന സാഹചര്യത്തിൽ വിഹിതം 6.84 ശതമാനത്തിലേക്കാണ് കുറഞ്ഞത്. വൈദ്യസേവനങ്ങൾക്ക് ചെലവേറിയ കാലത്ത് സാധാരണക്കാരുടെ ആശ്രയ കേന്ദ്രങ്ങളായ സർക്കാർ ആശുപത്രികളെയാണ് ഈ വിഹിതക്കുറവ് ബാധിക്കുക.
ഡെങ്കി, എലിപ്പനി, മലേറിയ, ഹെപ്പറ്റൈറ്റിസ്, എച്ച്1എൻ1, കോവിഡ് അടക്കമുള്ളവയുടെ വ്യാപനം രോഗനിരക്കും മരണനിരക്കും വർധിപ്പിച്ചിട്ടുണ്ടെന്ന് സാമ്പത്തികാവലോകന റിപ്പോർട്ട് തന്നെ അടിവരയിടുന്നു. നിലവിൽ പല സർക്കാർ ആശുപത്രികളും മരുന്നുക്ഷാമത്തിന്റെ പിടയിലാണ്.
ആശുപത്രി വികസന ഫണ്ടിൽ നിന്നടക്കം തുക ചെലവഴിച്ച് വാങ്ങിയ മരുന്നുകൾക്കുള്ള കോടികളുടെ കുടിശ്ശിക സർക്കാർ തിരിച്ചടയ്ക്കാനുണ്ട്. കാരുണ്യ ഇൻഷുറൻസ് പദ്ധതിയിലും കാരുണ്യ ബനവലന്റ് പദ്ധതിലുമടക്കം വലിയ തുകകളാണ് കുടിശ്ശികയായുള്ളത്. കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ മാത്രം 1124 കോടിയാണ് ആശുപത്രികൾക്കായി സർക്കാർ നൽകാനുണ്ട്.
കാരുണ്യ ബനവലന്റ് പദ്ധതിയിൽ 190 കോടിയും ആരോഗ്യകേരളം പദ്ധതിയിൽ 14 കോടിയും അമ്മയും കുഞ്ഞും പദ്ധതിയിൽ 7.11 കോടിയുമാണ് കുടിശ്ശിക. എൻ.എച്ച്.എം ജീവനക്കാർക്ക് വേതനം വർധിപ്പിച്ച് ഉത്തരവിറക്കിയെങ്കിലും ഇനിയും പുതുക്കിയ ശമ്പളം നൽകിയിട്ടില്ല. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് ഉയർന്ന നിരക്കായതിനാൽ സർക്കാർ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വർധിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ തന്നെ കണക്ക്. ഇത്തരത്തിൽ സങ്കീർണ സാഹചര്യത്തിലാണ് ബജറ്റ് വിഹിതത്തിലെ കുറവ് വെല്ലുവിളിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.