തൊടുപുഴ: ജില്ലയിലെ മലയോര മേഖലയിൽ വെള്ളിയാഴ്ച രാത്രിമുതൽ പെയ്ത മഴയിൽ വ്യാപക നാശനഷ്ടം. മുള്ളരിങ്ങാട് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പ്രദേശത്തെ പള്ളിക്കവല പാലവും തകർന്നു. പുഴയിൽ ഒഴുക്കിൽപെട്ട കാർ നാട്ടുകാർ ചേർന്ന് കരക്ക് കയറ്റി. കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് മുള്ളരിങ്ങാട് ലൂർദ് മാത പള്ളി വികാരി ജേക്കബ് വാട്ടപ്പിള്ളിലിന്റെ കാർ ഒഴുക്കിൽപെട്ടത്. രാത്രി കാറിനുള്ളിൽ കുടുങ്ങിയ വൈദികനെ സംഭവസ്ഥലത്തുണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെടുത്തി.
നാട്ടുകാർ രാവിലെ നടത്തിയ തിരച്ചിലിലാണ് കാർ 400 മീറ്ററോളം താഴെ കണ്ടെത്തിയത്. പുഴയിലും കരയിലുമായി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കാർ കരക്ക് കയറ്റി. പുഴയിൽ നീരൊഴുക്ക് വർധിച്ചതോടെ മുള്ളരിങ്ങാട് പള്ളിക്കവല പാലവും തകർന്നു. രണ്ട് വാർഡ് ഒറ്റപ്പെട്ടു. ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു. വ്യാപകകൃഷി നാശവും ഉണ്ടായിട്ടുണ്ട്.
മറയൂർ: മറയൂർ കാന്തല്ലൂർ മേഖലയിൽ കഴിഞ്ഞദിവസം രണ്ടുമണിക്കൂറിലേറെ പെയ്ത മഴയിൽ ഒട്ടേറെ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. കാന്തല്ലൂർ പഞ്ചായത്തിലെ കട്ടിനാട് ഭാഗത്ത് ആദിവാസിക്കുടിയിലേക്കുള്ള റോഡ് മഴവെള്ളപ്പാച്ചിലിൽ ഒഴിച്ചുപോയ അവസ്ഥയിലാണ്. കട്ടിയനാട് സുശനി ആദിവാസി ക്കുടിയെ ബന്ധിപ്പിക്കുന്ന റോഡാണ് 100 മീറ്റർ ഓളം പൂർണമായും ഗതാഗതയോഗ്യമല്ലാതായത്.
മേഖലയിൽ പലയിടത്തും മണ്ണിടിച്ചിലും ഉണ്ടായി. കട്ടിനാട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായി റോഡിലൂടെ വെള്ളം ഒഴുകിയെത്തിയതോടെ ടാർ ചെയ്ത പഞ്ചായത്ത് റോഡ് പൂർണമായും ഒളിച്ചുപോയി. ഇതിലൂടെ വാഹന യാത്ര ദുഷ്കരമായി. ശുദ്ധജലത്തിനായി മൂന്നുമാസം മുമ്പ് കുഴിയെടുത്ത് അശാസ്തീയമായി പൈപ്പ് സ്ഥാപിച്ചതിനെ തുടർന്ന് മണ്ണ് മഴവെള്ളത്തിൽ ഒഴിച്ചുപോയതും റോഡ് പൊട്ടിപ്പൊളിയാൻ കാരണമായി.
മറയൂർ: അത്യാഹിത ഘട്ടങ്ങളിൽ മറയൂർ കാന്തല്ലൂർ മേഖലയെ ആശ്രയിക്കുന്ന വട്ടവട പഞ്ചായത്തിലെ കൂടലാർകുടിയിൽനിന്നുള്ള റോഡ് കനത്ത മഴയിൽ തകർന്നു. കൂടലാർക്കുടിയിൽനിന്ന് മത്താപ്പുവഴി കാന്തല്ലൂരിലേക്ക് എത്തുന്ന വനത്തിലൂടെയുള്ള റോഡിൽ തമ്പുരാൻകവല ഭാഗത്താണ് റോഡ് ഒഴിച്ചുപോയത്.
കഴിഞ്ഞ രാത്രി ഏഴുമണി മുതൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. അതിനിടെ റോഡ് ഇടിഞ്ഞു. ഈ സമയത്ത് മലഞ്ചെരിവിലുള്ള ആദിവാസിക്കുടികളായ കുടലാർ, സ്വാമിയാർഅല, വത്സപ്പെട്ടി കുടികളിലെ ആദിവാസികൾ രണ്ടുമണിക്കൂറോളം ഭയത്തോടെയാണ് കഴിച്ചു കൂട്ടിയത്.
രാത്രി പത്തോടെയാണ് മഴക്ക് ശമനം ഉണ്ടായത്. വട്ടവട പഞ്ചായത്തിലെ ആദിവാസിക്കുടികളിൽ ഉള്ളവർ ആശുപത്രി ആവശ്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി മറയൂർ കാന്തല്ലൂർ മേഖലയെയാണ് കൂടുതലും ആശ്രയിക്കുന്നത്. ഈ റോഡ് പൂർണമായും തകർന്നതോടെ ആദിവാസികൾ ദുരിതത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.